സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. ഏഴു ജില്ലകളില്‍ പുതിയ കളക്ടര്‍മാരെയും നിയമിച്ചു.വകുപ്പുകളുടെയും ബോര്‍ഡ്, കോര്‍പറേഷനുകളുടെയും ഡയറക്ടര്‍മാര്‍ ഉള്‍പ്പെടെ 35 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവാണ് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് ടൂറിസത്തിനുപുറമേ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയും നല്കി. തദ്ദേശവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനാണ് ലോക്കല്‍സെല്‍ഫ് അര്‍ബന്‍ ആന്‍ഡ് റൂറല്‍ വിഭാഗത്തിന്റെ ചുമതല.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയെ മാറ്റി. സഞ്ജയ് കൗള്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാകും. പ്ലാനിങ് ആന്‍ഡ് ഇക്കണോമിക്സ് അഫേഴ്സ് വകുപ്പിലേക്കാണ് ടീക്കാറാം മീണയെ മാറ്റിയിരിക്കുന്നത്. ഫിനാന്‍സ് ആന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറിയായിരുന്ന കൗളിനെ കേരളത്തിലെ ചീഫ് ഇലക്ടറല്‍ ഓഫീസറായി ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമിച്ചതായി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. ഡോ. വേണുവിനെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായും ആശാ തോമസിനെ ആരോഗ്യവകുപ്പ് സെക്രട്ടറിയായും തീരുമാനിച്ചു.
എറണാകുളം, തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് സ്ഥലം മാറ്റം. എറണാകുളം കളക്ടറായിരുന്നു എസ് സുഹാസിനെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്പറേഷന് ഡയരക്ടറായി നിയമിച്ചു. പകരം ജാഫര്‍ മാലിക് എറണാകുളം കലക്ടറാവും.
കോഴിക്കോട് കലക്ടറായിരുന്ന എസ് സാംബശിവ റാവുവിനെ സര്‍വേ, ഭൂരേഖാ വകുപ്പ് ഡയറക്ടറായി നിയമിച്ചു. പത്തനംതിട്ട കളക്ടറായിരുന്ന നരസിംഹുഗാരി ടിഎല്‍ റെഡ്ഡി കോഴിക്കോട് കലക്ടറാവും.
തൃശൂര്‍ കളക്ടര്‍ എസ് ഷാനവാസിനെ എംജിഎന്‍ആര്‍ഇജിഎ ദൗത്യത്തിന്റെ ഡയറക്ടറായി നിയമിക്കും. എംജിഎന്‍ആര്‍ഇജിഎ ഡയറക്ടറായിരുന്ന ദിവ്യ എസ് പത്തനംതിട്ട കലക്ടറാവും. പൊതുഭരണ ജോയിന്റ് സെക്രട്ടറി ഹരിത വി കുമാര്‍ തൃശൂര്‍ കളക്ടറാവും.
കോട്ടയം കളക്ടറായിരുന്ന എം അഞ്ജനയെ പൊതുഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്ന പി.കെ ജയശ്രീ കോട്ടയം കളക്ടറാവും. ഇടുക്കി കളക്ടര്‍ എച്ച് ദിനേശനെ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി നിമയിച്ചു. സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ് ഇടുക്കി ജില്ലാ കളക്ടറാവും. കാസര്‍ഗോഡ് കളക്ടറായ ഡി സജിത്ത് ബാബുവിനെ സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. പകരം ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് കാസര്‍ഗോഡ് കളക്ടറാവും.

