ഇടുക്കി: തമിഴ്നാട്–കേരള അതിർത്തിയോടു ചേർന്നുള്ള അപ്പർ കോതയാർ മുത്തുകുഴി വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്. കാട്ടാന ഇപ്പോൾ കോതയാർ ഡാമിനു സമീപം നിലയുറപ്പിച്ചതായി കേരള വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 3.30നാണു പെരിയാർ കടുവ സങ്കേതത്തിൽ അരിക്കൊമ്പന്റെ സഞ്ചാരപഥത്തെക്കുറിച്ചു സിഗ്നൽ ലഭിച്ചത്. കോതയാർ ഡാമിൽ നിന്നു വിതുര വഴി നെയ്യാർ വനമേഖലയിലേക്കു 130 കിലോമീറ്റർ ദൂരമുണ്ട്.
കോതയാറിൽ നിന്നു നെയ്യാർ വനമേഖലയിലേക്ക് അരിക്കൊമ്പൻ എത്തുകയാണെങ്കിൽ ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുമ്പിക്കൈയിൽ ആഴത്തിലുള്ള മുറിവും ശരീരത്തിൽ പരുക്കുകളുമുണ്ട്. അതുകൊണ്ടു തന്നെ അരിക്കൊമ്പന് പഴയപോലെ വേഗത്തിൽ സഞ്ചരിക്കാൻ പറ്റില്ലെന്നാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം ആരോഗ്യത്തിൽ പുരോഗതി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
അരിക്കൊമ്പന് വേണ്ടി വഴിപാടുകളുമായി ആരാധകരും പ്രാർഥനയിലാണ്. കുമളി ശ്രീദുർഗ്ഗ ഗണപതി ഭദ്രകാളീ ക്ഷേത്രത്തിൽ ഒരു മൃഗസ്നേഹി അരിക്കൊമ്പന്റെ പേരിൽ നടത്തിയ വഴിപാടുകളുടെ രസീതിന്റെ ചിത്രങ്ങൾ സമൂഹമമാധ്യങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നുണ്ട്. ‘അരിക്കൊമ്പൻ- നക്ഷത്രം ഉത്രം’ എന്നാണ് വഴിപാട് രസീതിൽ നൽകിയിരിക്കുന്നത്. അർച്ചനയും ഭാഗ്യ സൂക്ത പുഷ്പാഞ്ജലിയുമാണ് ഒരു ആരാധകൻ കഴിപ്പിച്ചിരിക്കുന്നത്.
തൊടുപുഴ മണക്കാട് സ്വദേശി സന്തോഷ് സമീപത്തുള്ള മണക്കാട് നരസിംഹ സ്വാമി ക്ഷേത്രത്തിൽ അരിക്കൊമ്പന് വേണ്ടി മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയിട്ടുണ്ട്. കാട്ടാനയ്ക്കായി വഴിപാട് കഴിപ്പിക്കണമെന്ന ഭക്തന്റെ ആഗ്രഹത്തിനൊപ്പം മണക്കാട് നരസിംഹസ്വാമി ക്ഷേത്രത്തിലെ അധികൃതരും ഒപ്പം നിക്കുകയായിരുന്നു. അതേസമയം കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷിച്ചാൽ മാത്രമേ അരിക്കൊമ്പന്റെ വഴി കോതയാർ ഡാം പ്രദേശത്തു നിന്നും എങ്ങോട്ടേക്കാണെന്ന് മനസിലാകുകയുള്ളൂ. ഇതിനിടയിൽ അരിക്കൊമ്പനെ തിരിച്ചെത്തിക്കണമെന്ന് ചിന്നക്കനാലിലെ ജനങ്ങൾ ആവശ്യപ്പെടുന്നുണ്ട്.