കോഴിക്കോട് : ജില്ലയിൽ മൺസൂൺകാല ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി നിലവിൽവരും. ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. ഈ കാലയളവിൽ സാധാരണ വള്ളങ്ങൾ ഉപയോഗിച്ചുള്ള പരമ്പരാഗത മത്സ്യബന്ധനം നടത്താം. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർട്രോളിങ്ങും നിയമവിരുദ്ധമായ മറ്റ് എല്ലാ മത്സ്യബന്ധന രീതികളും നിരോധിച്ചിട്ടുണ്ട്. ബോട്ടുകൾ ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി കേന്ദ്രീകരിച്ചാണുണ്ടാവുക.
രക്ഷാദൗത്യങ്ങൾക്കായി ഫിഷറീസ്, പോർട്ട്, നേവി, കോസ്റ്റ് ഗാർഡ് എന്നിവ സംയുക്തമായുള്ള ടീമുകളുണ്ടാകും.
ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യറേഷൻ അനുവദിക്കുന്നതിന് സിവിൽ സപ്ലൈസ് നടപടിയെടുക്കും.
കടൽ പട്രോളിങ്ങിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്റ്റേഷൻ കേന്ദ്രമായി ആരംഭിച്ചിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 0495 2414074.