താനൂർ: ഒട്ടുംപുറം തൂവൽ തീരത്തെ ബോട്ടപകടം സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദൗർഭാഗ്യകരമായ സംഭവമാണ് താനൂരിലേത്. ഇത് മനുഷ്യ നിർമിതമാണെന്നും സംഭവസ്ഥലം സന്ദർശിച്ചശേഷം സതീശൻ ആരോപിച്ചു.കേരളത്തിൽ ഇതുപോലുള്ള ദുരന്തങ്ങൾ ഉണ്ടായിട്ടും ആവശ്യത്തിന് പരിശോധനകൾ നടത്താൻ കഴിയുന്നില്ലെന്നത് ദുഃഖകരമാണ്. ഇനിയുമൊരു അപകടമുണ്ടായാൽ സർക്കാരും മറ്റു അധികൃതരും ഉത്തരം പറയേണ്ടി വരുമെന്നും സതീശൻ പറഞ്ഞു.
7 കുട്ടികളടക്കം 22 പേരാണ് ദുരന്തത്തിൽ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ 10 പേർക്ക് പരുക്കേറ്റു. ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും.