മലപ്പുറം∙ കേരള കരയെ ഒന്നടങ്കം ഞെട്ടിച്ച താനൂർ ബോട്ട് അപകടത്തിൽ ഒരു കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് തിരച്ചിൽ തുടരുന്നു. എൻഡിആർഎഫും അഗ്നിരക്ഷാസേനയുമാണ് തിരച്ചില്‍ നടത്തുന്നത്. നേവിയും എത്തി.
കോസ്റ്റ്ഗാർഡിന്റെയും സഹായം തേടിയിട്ടുണ്ട്. ബോട്ടിൽ എത്രപേർ ഉണ്ടായിരുന്നു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. കുട്ടികൾ ഉൾപ്പെടാതെ 39 പേർക്ക് ടിക്കറ്റ് നൽകിയെന്നാണ് സൂചന. താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവരിൽ 7 കുട്ടികളും ഉൾപ്പെടുന്നു. ഇതിൽ 9 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ ഇവരുടെ ബന്ധുക്കളും. പരുക്കേറ്റ 9 പേർ ചികിത്സയിലാണ്. ഇതിൽ നാലുപേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. 25 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 ലേറെ പേർ ഉണ്ടായിരുന്നുവെന്നാണു നിഗമനം. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുന്നു.