തലശ്ശേരി: കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പറാം കുന്നിലെ 110 കെവി സബ്സ്റ്റേഷ് നോട് ചേർന്നുള്ള സ്ഥലത്താണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇൻഡോർ ജിഐ സബ് സ്റ്റേഷൻ നിർമിച്ചത്. 100 എംവിഎ ശേഷിയുള്ള രണ്ട് 220/110 കെവി ട്രാൻസ്ലോർമറും 20 എംവിഎ ശേഷിയുള്ള രണ്ട് 110/11 കെവി ട്രാൻസ്ഫോമറുമാണ് സബ്സ്റ്റേഷനിൽ ഉള്ളത്.
തലശ്ശേരി കൂത്തുപറമ്പ്, പാനൂർ നഗരസഭകളിലും പിണറായി, കതിരൂർ, പെരളശേരി,വേങ്ങാട്, പാട്യം, എരഞ്ഞോളി, ചൊക്ലി, ന്യൂ മാഹി, കുന്നോത്ത് പറമ്പ്, ധർമ്മടം, പന്ന്യന്നൂർ പഞ്ചായത്തുകളിലും കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭാഗി കമായും ജിഐ സബ്സ്റ്റേഷന്റെ പ്രയോജനം ലഭിക്കും.
ചുരുങ്ങിയ സ്ഥലത്ത് ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സബ് സ്റ്റേഷനെന്നതാണ് ഇതിന്റെ പ്രത്യേകത. ജില്ലയിലെ വ്യവസായ, കാർഷിക മേഖലകൾക്കും ജിഐ സബ് സ്റ്റേഷൻ ഉണർവ് പകരും. പ്രസരണ വിതരണ സംവിധാനം കാര്യക്ഷമമാകുന്നതോടെ വ്യവസായത്തിനും ഇടതടവില്ലാതെ വൈദ്യുതി ലഭിക്കും. സ്പീക്കർ എ എൻ ഷംസീർ ചെയർമാനും കെഎസ്ഇ ബി ട്രാൻസ്ഗ്രിഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അരുണൻ ഐ ടി കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചിരുന്നു.

