നടിയെ ആക്രമിച്ചകേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കും. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
കാവ്യ നിലവിൽ ചെന്നൈയിലാണെന്നാണ് വിവരം. ചെന്നൈയില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കാവ്യയെ ചോദ്യംചെയ്യണ്ടതുണ്ടെന്ന നിലപാടിലാണ് പോലീസ്.അനൂപിന്റെയും സുരാജിന്റെയും ചോദ്യം ചെയ്യലിന് ശേഷമാകും കാവ്യാമാധവനെ ചോദ്യം ചെയ്യുക. കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 15 ന് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടാനാണ് തീരുമാനം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകന്‍ ബാല ചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ തെളിയിക്കുന്ന വസ്തുതകൾ ക്രൈബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഫോണുകളിലെ വിവരങ്ങള്‍ മായ്ച്ചുകളയാനായി അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ദിലീപും സഹോദരീഭര്‍ത്താവ് സൂരജും ഉപയോഗിച്ചിരുന്ന ഫോണുകളില്‍നിന്ന് ലഭിച്ച പുതിയ വസ്തുതകളില്‍ നിന്നാണ് ഈ വിവരങ്ങള്‍ കിട്ടിയത്.