കോഴിക്കോട്: കുന്ദമംഗലത്ത് മർദ്ദനത്തിന് ഇരയായ യുവാവ് മരണപ്പെട്ട സംഭവത്തിൽ ആന്തരിക അവയവങ്ങൾക്ക് പരിക്ക് സംഭവിച്ചതായി പ്രാഥമിക ഫോറൻസിക് റിപ്പോർട്ട്. കുന്ദമംഗലം കളരിക്കണ്ടി എറോ ചുടല വീട്ടിൽ ബാബു (46) ആണ് ക്രൂരമായ മർദ്ദനത്തിന് ഇരയായി മരണപ്പെട്ടത്. ഇന്നലെ രാവിലെ ഉത്സവ സ്ഥലത്ത് നിന്നും യുവാവിനെ വിളിച്ചുവരുത്തി മർദ്ദിക്കുകയും മർദ്ദനത്തിൽ അവശനായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
കുന്ദമംഗലം പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരാളുടെ പേരിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഇന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയുടെ അടിസ്ഥാനത്തിൽ മരണപ്പെട്ടയാൾക്ക് പരിക്കുകളുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പരിക്കുകൾ മർദ്ദനത്തെ തുടർന്നാണോ ഉണ്ടായത്, അതോ മറ്റേതെങ്കിലും സാഹചര്യത്തിലാണോ സംഭവിച്ചതെന്നത് വിശദമായ പോലീസ് അന്വേഷണത്തിലൂടെയേ വ്യക്തമാകൂ. യഥാസമയം ചികിത്സ ലഭിച്ചിരുന്നെങ്കിൽ ഇയാളെ രക്ഷപ്പെടുത്താൻ സാധിക്കുമായിരുന്നു എന്ന സൂചനയും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
യുവാവിനെ ഒരാൾ മാത്രമാണോ ആക്രമിച്ചത്, അതോ മറ്റാരെങ്കിലും സഹായികളുണ്ടോയെന്നതും പോലീസ് അന്വേഷിച്ചുവരികയാണ്. നേരത്തെ ഇയാളുമായി തർക്കം ഉണ്ടായിരുന്ന ഒരാളിലേക്കാണ് അന്വേഷണത്തിന്റെ ദിശ നീങ്ങുന്നതെന്നാണ് സൂചന. സംഭവത്തിന്റെ യഥാർത്ഥ ചിത്രം തെളിഞ്ഞുവരുന്നതേയുള്ളൂവെന്ന് പോലീസ് അറിയിച്ചു.

