ഉത്തര്‍ പ്രദേശിലെ ബുഡൗണില്‍ മദ്യപാനം തടഞ്ഞ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. ബൈക്കിലെ പെട്രോള്‍ ഊറ്റിയെടുത്ത ശേഷം 40 കാരിയുടെ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മരുമകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ വൃദ്ധയായ അമ്മയ്ക്കും പൊള്ളലേറ്റു.
ബുഡൗണിലെ നൈതുവ ഗ്രാമത്തിലാണ് സംഭവം. മുനീഷ് സക്‌സേന എന്ന ആളാണ് ഭാര്യ ഷാനോയെ ജീവനോടെ ചുട്ടുകൊന്നത്. ഇയാള്‍ മദ്യപാനത്തിന് അടിമയായിരുന്നുവെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അലോക് പ്രിയദര്‍ശി. വ്യാഴാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ മുനീഷ് ഭാര്യ ഷാനോയുമായി വഴക്കിട്ടു. വീണ്ടും മദ്യപിക്കാന്‍ തുടങ്ങുന്നത് തടഞ്ഞതാണ് തര്‍ക്കത്തിന് കാരണം. വഴക്ക് രൂക്ഷമായതോടെ മുനീഷ് തന്റെ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് ഷാനോയുടെ മേല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നും അലോക് പ്രിയദര്‍ശി പറഞ്ഞു.