കുന്ദമംഗലം , ബേപ്പൂർ നിയോജകമണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന തൊണ്ടിലക്കടവിൽ പുതിയ പാലം നിർമ്മിക്കാൻ 20.4 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബി.കെ കനാലിന് കുറുകെ നിർമ്മിക്കുന്ന ഈ പാലത്തിന്റെ മറുകര കോഴിക്കോട് കോർപ്പറേഷനിലാണ് സ്ഥിതിചെയ്യുന്നത്. 1977 ൽ നിർമ്മിച്ച വീതി കുറഞ്ഞ ഒരു പാലമാണ് തൊണ്ടിലക്കടവിൽ നിലവിലുള്ളത്. ആയത് പുതുക്കിപ്പണിയുന്നതിന് 2011 ൽ 2 കോടി രൂപ അനുവദിച്ചെങ്കിലും വീതികൂടിയ സൗകര്യപ്രദമായ പാലം വേണമെന്ന പ്രദേശവാസികളുടെ ആവശ്യമാണ് വലിയ പാലം നിർമ്മിക്കാൻ തീരുമാനമെടുക്കുന്നതിന് ഇടയാക്കിയത്.
സർക്കാർ ഉത്തരവ് നമ്പർ 253/2011/പിഡബ്ല്യുഡി പ്രകാരം അനുവദിച്ച 2 കോടി രൂപ ഉപയോഗപ്പെടുത്തി പാലത്തിന്റെ ഇരു കരകളിലുമുള്ള ഒളവണ്ണ, ചെറുവണ്ണൂർ വില്ലേജുകളിൽ ഉൾപ്പെട്ട 0.2113 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും സ്ഥലലമുടമകൾക്ക് ആയതിനുള്ള നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇൻലാന്റ് നാവിഗേഷൻ റൂട്ട് എന്നത് പരിഗണിച്ച് മധ്യഭാഗത്ത് നിർമ്മിക്കുന്ന 55 മീറ്റർ നീളത്തിലുള്ള ബ്രൗസ്ട്രിംഗ് ആർച്ച് സ്പാൻ ഉൾപ്പെടെ 12.5 മീറ്റർ നീളത്തിലുള്ള 10 സ്പാനുകൾ അടക്കം 11 സ്പാനുകളാണ് 180 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിനുണ്ടാവുക. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി 60 മീറ്റർ വീതം നീളത്തിലുള്ള അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള തുകയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ടെണ്ടർ ചെയ്യുന്നതിനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ആരംഭിച്ചിട്ടുണ്ട്. പാലം യാഥാർഥ്യമാകുന്നതോടെ ഒളവണ്ണ ഭാഗത്തു നിന്നുള്ള യാത്രക്കാർക്ക് ചെറുവണ്ണൂർ, ഫറോക്ക് ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗമായി ഇത് മാറും. ദേശീയപാതയിൽ അരീക്കാട് ജംഗ്ഷനിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പാലം സഹായകമാകും.