വര്‍ക്കല അയന്തിയില്‍ വീടിന് തീപിടിച്ച്എട്ട് മാസം പ്രായമുള്ള ആൺകുഞ്ഞ് ഉൾപ്പെടെ അഞ്ചുപേർ മരിച്ച സംഭവത്തിൽ പ്രാഥമിക അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടെത്താനായിട്ടില്ലെന്ന് ഐജി ആര്‍. നിശാന്തിനി. വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായതെന്നാണ് പ്രാഥമിക നിഗമനം. എസി കാരണം വീടിനുള്ളിൽ ഉയർന്ന പുക പുറത്ത് പോയില്ല. ഇൻറീരിയർ ഡിസൈൻ ഘടകങ്ങളും അഗ്നി ബാധയുടെ തോത് കൂട്ടിയെന്നാണ് കണ്ടെത്തൽ.
ഹാളുകള്‍ പൂര്‍ണ്ണമായും കത്തിയിട്ടുണ്ട്. റൂമുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു.1.15-ന് തന്നെ തീ കത്തുന്നതായി സി സി ടി വി ദൃശ്യങ്ങളിലുണ്ട്. എല്ലാ വശങ്ങളും പരിശോധിക്കും, വിശദമായ അന്വേഷണം നടത്തുമെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനി പറഞ്ഞു. സംശയകരമായ രീതിയില്‍ ഒന്നും ശ്രദ്ധയില്‍ വന്നിട്ടില്ല. കൂടുതല്‍ അന്വേഷണം നടത്താനുണ്ട്. അഞ്ചുപേര്‍ മരിച്ചതിനാല്‍ അതിന്റേതായ പ്രധാന്യം നല്‍കും. വിദഗ്ദ്ധരെത്തി പരിശോധന തുടരുന്നുണ്ടെന്നും നിശാന്തിനി പറഞ്ഞു
അഞ്ച് പേരുടെയും മരണകാരണം പുക ശ്വസിച്ചാണെന്ന് ഫയർ ആന്റ് റെസ്ക്യു ഓഫിസർ നൗഷാദ് വ്യക്തമാക്കിയിരുന്നു. തീപിടുത്തം തുടങ്ങി 45 മിനിറ്റിനു ശേഷം ആണ് എല്ലാവരെയും പുറത്തെത്തിക്കാൻ ആയത്. തീപടർന്ന് പുകയാൽ നിറഞ്ഞ വീടിന്റെ അടുക്കള ഭാഗത്തെ വാതിൽ തകർത്താണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അകത്ത് കയറിയത്.
തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിനുള്ളിൽ പെട്ട്രോൾ മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളുടെ സാന്നിധ്യം നിലവിൽ കണ്ടെത്തിയിട്ടില്ല. മരിച്ചവരുടെ ആരുടെയും വസ്ത്രങ്ങൾ കത്തിയിട്ടില്ല. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ , എസി ഉൾപ്പെടെ എല്ലാം കത്തി നശിച്ചു.
വീടിന്റെ താഴത്തേയും മുകളിലെയും നിലയിലെ ഹാൾ പൂർണമായി കത്തി നശിച്ചു. ഫൊറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ പറയാൻ കഴിയൂവെന്നും റേഞ്ച് ഐ ജി ആർ.നിശാന്തിനിയും പറഞ്ഞു.
അതേസമയം തീ പടർന്ന വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന നിഹുൽ ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. തീ പടർന്നത് വീടിന്റെ അകത്ത് നിന്നാണെന്ന് സംശയം. അഭിരാമിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം കിടന്നത് മുകൾനിലയിലെ മുറിയിലെ ബാത്റൂമിൽ ആയിരുന്നു. ഇളയമകൻ അഹിലിൻ്റെ മൃതദേഹം മുകളിലത്തെ നിലയിലെ മറ്റൊരു മുറിയിൽ ആണ്. പ്രതാപന്റേയും ഷേർലിയുടെയും മൃതദേഹം കിടന്നത് താഴത്തെ മുറിയിൽ ആണെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു.

