കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍ തുടങ്ങും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നോടിയായി എച്ച് കെ പാട്ടീല്‍ അധ്യക്ഷനായ സ്ക്രീനിംഗ് കമ്മിറ്റി ഇന്ന് യോഗം ചേരും. മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണൂരില്‍ മത്സരിച്ചേക്കും. കെപിസിസി സ്ഥാനം ഒഴിയാതെ മത്സരിക്കാനാണ് നീക്കം. മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വ കാര്യത്തില്‍ അന്തിമ തീരുമാനം നാളെയുണ്ടാകും. മുല്ലപ്പള്ളി വിജയിച്ചാൽ കെ സുധാകരൻ പ്രസിഡന്‍റ് ആകുമെന്ന ഫോർമുലയിലും തീരുമാനം നാളെ.
ദില്ലി ചര്‍ച്ചയില്‍ 92 സീറ്റുകളിലേക്കുള്ള അന്തിമ പട്ടികക്കായിരിക്കും രൂപം നല്‍കുക. അന്തിമ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. 21 സിറ്റിംഗ് സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. കേരളത്തില്‍ നടന്ന സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് പേര്‍ വരെ അടങ്ങുന്ന ചുരുക്കപ്പട്ടികയാണ് ഒരോ മണ്ഡലത്തിലേക്കും തയ്യാറാക്കിയിരിക്കുന്നത്. .
പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും, യുവാക്കള്‍ക്കും അവസരം നല്‍കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുള്ളതിനാല്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളെയും പ്രതീക്ഷിക്കാം.