കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ സ്റ്റേജില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ തൃക്കാക്കര എംഎല്‍എ ഉമ തോമസ് സാധാരണ ജീവിതത്തിലേക്ക്. മകനോടും സ്റ്റാഫ് അംഗങ്ങളോടും സംസാരിച്ച ഉമ തോമസ് ‘എല്ലാം ഏകോപിപ്പിക്കുക’ എന്നും ഇവര്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ അഭാവത്തിലും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മുടങ്ങരുതെന്നും കൃത്യമായി പ്രവര്‍ത്തിച്ചിരിക്കണമെന്നും അവര്‍ നിര്‍ദേശം നല്‍കിയെന്ന് ഉമ തോമസിന്റെ സോഷ്യല്‍ മീഡിയ ടീം എംഎല്‍എയുടെ ഫെയ്സ്ബുക് പേജില്‍ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞു. ഒരാഴ്ച കൂടി ഉമ തോമസ് ഐസിയുവില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.
ഉമ തോമസിന്റെ ഫെയ്സ്ബുക്ക് പേജിലെ പോസ്റ്റ്
”അപകടം നടന്നിട്ട് ഇന്ന് പത്താം ദിവസം. മെല്ലെ മെല്ലെ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ് നമ്മുടെ ഉമ ചേച്ചി. ശരീരമാസകലം കലശലായ വേദനയുണ്ട്. ഇന്നലെ ചേച്ചി ബെഡ്ഡില്‍ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയില്‍ ഇരുന്നത് ഏറെ ആശ്വാസകരമാണ്. രാവിലെ മകന്‍ വിഷ്ണു അമ്മയെ കാണുന്നതിന് അകത്തു പ്രവേശിച്ചപ്പോഴാണ്, ഒപ്പമുള്ള സ്റ്റാഫ് അംഗങ്ങളെയും സോഷ്യല്‍ മീഡിയ ടീമിനെയും ഫോണില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടത്. ഏകദേശം 5 മിനിറ്റോളം നടത്തിയ കോണ്‍ഫറന്‍സ് കോളില്‍ കഴിഞ്ഞ പത്തു ദിവസമായി ക്വാറന്റീനില്‍ കഴിയുന്നതിന്റെ നിരാശയാണ് ആദ്യം പ്രകടിപ്പിച്ചത്. പിന്നീട് കോര്‍ഡിനേറ്റ് എവരിതിങ് (എന്നു പറഞ്ഞു). തന്റെ അഭാവത്തിലും ഓഫിസ് കൃത്യമായി പ്രവര്‍ത്തിക്കണമെന്നും എംഎല്‍എയുടെ തന്നെ ഇടപെടല്‍ ആവശ്യമായുള്ള അടിയന്തര സാഹചര്യങ്ങളില്‍ നമ്മുടെ മറ്റ് നിയമസഭ സാമാജികരുടെ സഹായം തേടണമെന്നും നിര്‍ദ്ദേശിച്ചു. മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ പുരോഗതിയും കൃത്യമായി വിലയിരുത്തണമെന്ന് സ്റ്റാഫ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി ചേച്ചി. വരുന്ന നിയമസഭ സമ്മേളനത്തെ പറ്റി വിഷ്ണുവിനോട് ചോദിച്ചതടക്കം ചേച്ചി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ നല്ല സൂചനയാണ് നല്‍കുന്നത്. ഒരാഴ്ച കൂടി ചേച്ചി ഐസിയുവില്‍ തുടരുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍”
ഇക്കഴിഞ്ഞ ഡിസംബര്‍ 29നായിരുന്നു അതിദാരുണമായ അപകടം നടന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമാക്കി എന്ന പേരില്‍ ഒരുക്കിയ 11,600 പേരുടെ നൃത്തപരിപാടിയില്‍ മറ്റു വിശിഷ്ടാതിഥികള്‍ക്കൊപ്പം പങ്കെടുക്കാനെത്തിയതായിരുന്നു സ്ഥലം എംഎല്‍എ കൂടിയായ ഉമ തോമസ്. എന്നാല്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കെട്ടിയ വേദിയില്‍ നിന്ന് ഉമ തോമസ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലച്ചോറിനും ശ്വാസകോശത്തിനുമായിരുന്നു ഉമ തോമസിനു കൂടുതല്‍ പരുക്കേറ്റത്.