കൊച്ചി: എറണാകുളം പറവൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തില്‍ ഇടിച്ച് 30 പേര്‍ക്ക് പരിക്കേറ്റു. ഗുരുവായൂരില്‍ നിന്ന് വൈറ്റിലയിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. സ്റ്റിയറിങ് തകരാര്‍ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ ഫിറ്റ്നസ് സംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ട്. യാത്രയ്ക്കിടെ സ്റ്റിയറിങ്ങിന്റെ ഭാഗങ്ങള്‍ അഴിഞ്ഞുവീണെന്നാണ് യാത്രക്കാര്‍ പറയുന്നത്. അപകടത്തില്‍പ്പെട്ട ബസിന്റെ ടയറുകള്‍ തേഞ്ഞുതീര്‍ന്ന് കമ്പി പുറത്തുകാണുന്ന നിലയിലായിരുന്നു.
വള്ളുവള്ളി അത്താണിയില്‍ ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തില്‍ ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയര്‍ ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് കുടുങ്ങിയ ഡ്രൈവറെ ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. തുടക്കത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ഡ്രൈവറെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഡ്രൈവറെ രക്ഷിച്ചത്. പരിക്കേറ്റവരില്‍ 24 പേരെ കൊച്ചിയിലെ ആശുപത്രിയിലും ആറുപേരെ പറവൂരിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും പരിക്ക് ഗുരുതരമല്ല.