ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുള്ള സമയം അനന്തമായി നീട്ടാന്‍ സാധിക്കില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. സമയം നീട്ടുന്നത് നിയമ പോരാട്ടത്തിന് തടസമാകും. ഒറ്റപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ പരിഗണിക്കില്ലെന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മന്ത്രി പറഞ്ഞു.ഒരു വട്ടം സമയം നീട്ടി നല്‍കിയ സാഹചര്യത്തില്‍ ഇനിയും പരാതി നല്‍കുന്നതിന് സമയം നല്‍കേണ്ടതില്ല. ഇതുവരെ കിട്ടിയ പരാതികള്‍ പലതും അനാവശ്യ പരാതികളെന്നും പരിശോധനയില്‍ ബോധ്യമായി. സമയപരിധി നീട്ടി നല്‍കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തില്‍ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടതെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. ബഫര്‍ സോണ്‍ വിഷയത്തില്‍ പരാതി നല്‍കാനുള്ള സമയം ഇന്നലെയോടെ അവസാനിച്ചു. 63500 പരാതികളാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ പകുതിയിലേറെ പരാതികളും തീര്‍പ്പാകാത്തതിനാല്‍ സ്ഥല പരിശോധന ഒരാഴ്ച കൂടി തുടരാന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരാതി നല്‍കാനുള്ള സമയം നീട്ടാനാകില്ലെന്ന് മന്ത്രി അറിയിച്ചത്.