തിരുവന്തപുരം: ഈ വർഷം ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് തെരുവുനായ ആക്രമണത്തിൽ 24 പേർ മരിച്ചതായി മന്ത്രി ജെ. ചിഞ്ചുറാണി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിൽ ആറ് മരണം പേ വിഷബാധയേറ്റാണ്.
സെപ്റ്റംബർ മാസത്തിൽ 8,355 പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഒക്ടോബറിൽ 7,542 ആയി കുറഞ്ഞു. പ്രവർത്തനം ഫലം കാണുന്നതിന്റെ തെളിവാണത്. മലപ്പുറം, ഇടുക്കി പത്തനംതിട്ട ജില്ലകളിൽ എബിസി കേന്ദ്രം തുടങ്ങാൻ സാധിച്ചിട്ടില്ല. പ്രാദേശികമായ എതിർപ്പാണ് പ്രശ്നമെന്നും സ്ഥലം കണ്ടെത്തുന്നതിന് എംഎൽഎമാരും സഹായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പേ വിഷബാധ കുത്തിവെപ്പിൽ സംസ്ഥാനത്ത് ഒരു പ്രതിസന്ധിയുമില്ല. തെരുവുനായയുടെ കടിയേറ്റ് 24 പേർ മരിച്ചതിൽ ആറ് പേർ മാത്രമാണ് വാക്സിൻ എടുത്തത്. വാക്‌സിൻ ഗുണനിലവാരമുള്ളത് ആണെന്നും മന്ത്രി പറഞ്ഞു. തെരുവുനായ്ക്കളെ പിടികൂടാനായി 500 ഓളം കാച്ചർമാർക്ക് പരിശീലനം നൽകി വരുന്നുണ്ട്.
സെപ്റ്റംബർ 20 മുതൽ 11,661 തെരുവ് നായ്ക്കൾക്ക് പേവിഷ വാക്സിൻ നൽകി. വളർത്തു നായ്ക്കളുടെ കുത്തിവെയ്പ് ഫലപ്രദമാണെന്നും പേവിഷബാധ കുത്തിവെയ്പ്പിൽ ഒരു പ്രതിസന്ധിയുമില്ലെന്നും മന്ത്രി പറഞ്ഞു.