തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ വിലക്കയറ്റം കുറവാണെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. വിലക്കയറ്റം ദേശീയ പ്രതിഭാസമാണ്. വിപണിയിൽ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിർത്താൻ സംസ്ഥാനത്തിനായെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. ടി വി ഇബ്രാഹിം എംഎൽഎയാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. വിപണിയിൽ ഇടപെട്ട് വില നിയന്ത്രിക്കാൻ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. വിലക്കയറ്റത്തിൽ ജനങ്ങളുടെ ആശങ്ക സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിപണിയെ കുറിച്ച് ഒന്നും അറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയതെന്ന് മന്ത്രി ജി ആർ അനിൽ മറുപടിയിൽ പറഞ്ഞു. പഴയ അടിയന്തരപ്രമേയ നോട്ടീസ് പുതുക്കി കൊണ്ടുവരികയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസാണ്. പഴയ രീതിയിൽ പ്രതിപക്ഷം ചിന്തിക്കരുത്. കുറച്ചുകൂടി വസ്തുതകൾ പരിശോധിക്കണമെന്നും ജി ആർ അനിൽ പറഞ്ഞു. കർഷകരെയും ഉപഭോക്താക്കളെയും സഹായിക്കാൻ സർക്കാർ ഒരു വർഷം 1600 കോടിയാണ് ചെലവഴിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. പ്രതിപക്ഷത്തിന് അബദ്ധം പറ്റിയിരിക്കുകയാണ്. പച്ചക്കറി വിലയെ കുറിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോ എന്ന മന്ത്രിയുടെ ചോദ്യം പ്രതിപക്ഷ ബഹളത്തിന് കാരണമായി.
പതിനഞ്ചാം നിയമസഭ കണ്ട ഏറ്റവും വലിയ തമാശയാണ് മന്ത്രി പറഞ്ഞതെന്ന് മന്ത്രിയുടെ മറുപടിക്ക് പിന്നാലെ ടി വി ഇബ്രാഹിം പ്രതികരിച്ചു. ‘വില വർധനവ് ഇല്ലെന്ന് പറയാനുള്ള ധൈര്യം മന്ത്രിക്ക് എവിടെ നിന്ന് കിട്ടി? വിലക്കയറ്റത്തിൽപ്പെട്ട് ജനം നട്ടംതിരിയുകയാണ്. അരിയുടെ വില ഇങ്ങനെ കുതിച്ചാൽ അന്നം മുട്ടും. അരിവില കൂടുമ്പോൾ സപ്ലൈകോ നോക്കുകുത്തിയാകുന്നു. പൊതുവിപണിയിൽ വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുന്നില്ല. മാർക്കറ്റ് വില നിയന്ത്രിക്കുന്നില്ല. ജനങ്ങൾ ദുരിതത്തിലാണെന്ന കാര്യം സർക്കാർ മറക്കരുത്. സർക്കാരും മന്ത്രിയും ഉണർന്ന് പ്രവർത്തിക്കണം’, എംഎൽഎ ആവശ്യപ്പെട്ടു.
എംഎൽഎയുടെ വിശദീകരണത്തിൽ ഗുരുതര പിഴവുകളുണ്ടെന്ന് മന്ത്രി ജി ആർ അനിൽ പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം രാഷ്ട്രീയപ്രേരിതമാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ലക്ഷ്യം. കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. തുടർന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.