മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവ് പൊലീസ് കസ്റ്റഡിയിൽ. നിരോധനാജ്ഞ ലംഘിച്ചതിനാണ് യാദവിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് അറിയിച്ചു.കനൗജിലേക്കുള്ള മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തുടങ്ങവേയായിരുന്നു പൊലീസ് നടപടി. തുടര്‍ന്ന് എക്കോഗാര്‍ഡനിലേക്ക് അയച്ച അഖിലേഷ് അവിടെ കസ്റ്റഡിയില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്.പൊലീസ് തങ്ങളെ ജയിലിലടച്ചാലും കനൗജിലേക്കുള്ള മാര്‍ച്ചില്‍ സമാജ്‌വാദി പ്രവര്‍ത്തകര്‍ പങ്കെടുത്തിരിക്കുമെന്ന് അഖിലേഷ് യാദവ് പ്രതികരിച്ചിരുന്നു. യു.പിയിലെ വിവിധയിടങ്ങളില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചുവരികയാണ്.
പൊലീസിന് വേണമെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകരെ ജയിലിലിടാം. അവര്‍ക്ക് ഞങ്ങളുടെ വാഹനം തടയാം. പക്ഷേ മാര്‍ച്ച് ഞങ്ങള്‍ നടത്തിയിരിക്കുമെന്നായിരുന്നു കസ്റ്റഡിയിലാകുന്നതിന് മുന്‍പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.കര്‍ഷകര്‍ക്കൊപ്പം മാര്‍ച്ചില്‍ പങ്കെടുക്കുന്നത് പൊലീസ് തടഞ്ഞതോടെയാണ് അഖിലേഷ് യാദവ് വീടിന് മുന്‍പിലായി കര്‍ഷകര്‍ നടത്തുന്ന ധര്‍ണയില്‍ ഇരുന്ന് പ്രതിഷേധിച്ചത്. ജനാധിപത്യവിരുദ്ധ പ്രതിഷേധമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് സമാജ്‌വാദി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന കിസാന്‍ യാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചത്.