Trending

നല്ല സിനിമയാകണം യുവതലമുറയുടെ ലഹരി: മുഖ്യമന്ത്രി

പുതിയ സാങ്കേതിക വിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തി നല്ല സിനിമകളെടുക്കാൻ പുതുതലമുറ ചലച്ചിത്രപ്രവർത്തകർ ശ്രദ്ധിക്കണമെന്നും നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇരുപത്തിനാലാമത് കേരള രാജ്യാന്തരചലച്ചിത്രമേള നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രമേയത്തിലും സാങ്കേതികതയിലും മലയാള സിനിമ ഇപ്പോൾ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. നല്ല സിനിമകൾ പ്രദർശന വിജയം നേടുന്നത് ഉന്നത ആസ്വാദന നിലവാരത്തെയാണ് വെളിവാക്കുന്നത്. പ്രേക്ഷകന്റെ രാഷ്ട്രീയ ബോധത്തെ പുരോഗമനപരമായി മുന്നോട്ടു നയിക്കാൻ സിനിമയ്ക്കാവും. സഹജീവികളുടെ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിൽ കണ്ടറിയാനുള്ള അവസരമാണ് ചലച്ചിത്രമേള. ഇതൊരു സാംസ്‌കാരിക പ്രതിരോധ പരിപാടി കൂടിയാണ്.

കേരള രാജ്യാന്തര ചലച്ചിത്രമേള വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണെന്ന പ്രത്യേകതയുണ്ട്. ഇവിടെ മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള സിനിമകൾക്കാണ് പ്രാധാന്യം. ആസ്വാദന, വിനോദ മൂല്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുകയും രാഷ്ട്രീയത്തെ പൂർണമായി അവഗണിക്കുകയും ചെയ്യുന്ന മറ്റു മേളകളിൽ നിന്ന് കേരളത്തിലെ ചലച്ചിത്രമേള വ്യത്യസ്തമാവുന്നത് ഈ നിലപാടു കൊണ്ടാണ്.

വിദേശങ്ങളിലെ മുൻനിര ചലച്ചിത്ര മേളകളിൽ മലയാള സിനിമകൾ അംഗീകാരം നേടുന്നുണ്ട്. ഗോവ ചലച്ചിത്ര മേളയിൽ കഴിഞ്ഞ മൂന്നു തവണയായി മലയാള സിനിമകൾ ഉന്നത പുരസ്‌കാരങ്ങൾ നേടുന്നു. ഐ. എഫ്. എഫ്. കെയിലെ ഗുണപരമായ മാറ്റങ്ങൾ മലയാള സിനിമയെ അടിമുടി മാറ്റിയിട്ടുണ്ട്. വ്യത്യസ്ത പ്രമേയങ്ങളിലുള്ള നിരവധി സിനിമകൾ തിയേറ്ററുകളിൽ ഇപ്പോൾ പ്രദർശന വിജയം നേടുന്നു.

അറുപതുകളിലെയും എഴുപതുകളിലെയും കേരളീയ സ്ത്രീയുടെ ജീവിത അവസ്ഥ സവിശേഷമായ ഭാവാദികളോടെ തിരശീലയിൽ അവതരിപ്പിച്ച നടിയാണ് മുഖ്യാതിഥിയായെത്തിയ ശാരദയെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയുടെ നാൾവഴികൾ എന്ന ഗ്രന്ഥത്തിന്റെ ആദ്യ വോള്യം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. കെ. ടി. ഡി. എഫ്. സി ചെയർമാൻ ഷാജി എൻ. കരുൺ ഏറ്റുവാങ്ങി. സിനിമ വൈവിധ്യമാർന്ന വിഷയങ്ങൾ കൈകാര്യം ചെയ്തു തുടങ്ങിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ അഭിപ്രായപ്പെട്ടു.

പുതിയ അഞ്ച് തിയേറ്ററുകളുടെ നിർമാണം കെ. ടി. ഡി. എഫ്. സി ആരംഭിച്ചിട്ടുണ്ട്. വനിതാ സംവിധായകർക്ക് സർക്കാർ ഏറെ പ്രാധാന്യം നൽകുന്നു. സിനിമ മേഖലയിലെ സമഗ്ര നിയമനിർമാണത്തിന് സർക്കാർ തുടക്കമിട്ടതായി അദ്ദേഹം പറഞ്ഞു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, വി. കെ. പ്രശാന്ത് എം. എൽ. എ, മേയർ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, കെ. ടി. ഡി. സി ചെയർമാൻ എം. വിജയകുമാർ, കൗൺസിലർ പാളയം രാജൻ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി മഹേഷ് പഞ്ചു, ആർട്ടിസ്റ്റിക് ഡയറക്ടർ ബീന പോൾ, ജൂറി ചെയർമാൻ ഖൈരി ബഷാര എന്നിവർ സംബന്ധിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!