കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത അരി സംസ്ഥാന സര്‍ക്കാര്‍ കൊടുത്തതല്ലെന്ന് റവന്യു മന്ത്രി കെ.രാജന്. ചാക്കിലാണ് സംസ്ഥാന സര്‍ക്കാര്‍ അരി കൊടുത്തതെന്നും ഇതിനൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ നല്‍കിയിരുന്നില്ലെന്നും കെ.രാജന് വിശദീകരിച്ചു. ഒമ്പത് പഞ്ചായത്തുകളില്‍ സംസ്ഥാന സര്‍ക്കാര്‍ അരി നല്‍കിയിട്ടുണ്ട്. ഇതില്‍ മേപ്പാടിയില്‍ മാത്രമാണ് പ്രശ്നമുണ്ടായിരിക്കുന്നതെന്നും കെ.രാജന് പറഞ്ഞു.
പുഴുവരിച്ച കിറ്റ് നല്‍കിയത് ഏറെ ഗൗരവമുള്ള വിഷയമാണ്. ഇതിന് മുമ്പ് സെപ്തംബര്‍ ഒമ്പതിനാണ് ദുരന്തബാധിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്. അന്ന് കൊടുത്ത കിറ്റുകള്‍ വിതരണം ചെയ്യാതെ ഇപ്പോള്‍ നല്കിയതാണയെന്നും പരിശോധിക്കും. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ അത് കൂടുതല്‍ ഗൗരവകരമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
അരി വിതരണം ചെയ്തത് സംബന്ധിക്കുന്ന എല്ലാ രേഖകളും റവന്യു വകുപ്പിന്റെ കൈവശമുണ്ട്. ആരാണ് അരി വിതരണം ചെയ്തതെന്ന് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കൃത്യമായ വിവരങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.