പാലക്കാട്: പാലക്കാട് ഹോട്ടലിലെ പാതിരാ റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമാണെന്ന പി സരിന്റെ പ്രസ്താവന പാര്‍ട്ടി നിലപാട് അല്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ പുറത്ത്, അവരെന്തെല്ലാം കള്ളക്കളി നടത്തുമെന്ന് അറിയാവുന്നയാളാണ് സരിന്. ഏതു തരംതാണ പണിയും ചെയ്യാന്‍ മടിയില്ലാത്തവരാണ് ഷാഫിയും കൂട്ടരും. ഷാഫിയുടെ എല്ലാ കള്ളക്കളികളും അറിയാവുന്നതിനാലാകും സരിന് അങ്ങനെ പറഞ്ഞതെന്നും സുരേഷ് ബാബു കൂട്ടിച്ചേര്‍ത്തു.
പെട്ടിയില്‍ മണിയല്ല തുണിയാണെന്ന കള്ളപ്രചാരണമൊക്കെ കോണ്‍ഗ്രസുകാര്‍ നടത്തും. അതിന് അപാര ബുദ്ധിയുള്ളവരാണ് ഷാഫിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമെല്ലാം. അവിടെ കള്ളപ്പണം എത്തിയെന്നാണ് സിപിഎം പറയുന്നത്. അത് സമഗ്രമായി അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
റെയ്ഡ് മന്ത്രി എം ബി രാജേഷും അളിയനും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും ജില്ലാ സെക്രട്ടറി തള്ളി. പറവൂരെ പാവപ്പെട്ടവരെ വി ഡി സതീശന് പറ്റിച്ചു നടക്കുകയാണ്. അതുപോലെ പാലക്കാട്ടെ ജനങ്ങളെ പറ്റിക്കാമെന്ന് കരുതി സതീശന് ഇങ്ങോട്ടു വരേണ്ട. മന്ത്രി രാജേഷിനെ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഒലത്തിക്കളയുമെന്നാണ് പറഞ്ഞത്. അതൊന്നും പാലക്കാട്ടെ എല്‍ഡിഎഫിനോട് വേണ്ടെന്ന് സുരേഷ് ബാബു പറഞ്ഞു.