പറക്കും തളിക’ മോഡൽ കല്യാണ ഓട്ടം നടത്തിയ കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനിലാണ് നടപടി സ്വീകരിച്ചതെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു,അടിമാലിയിലേക്ക് കല്യാണ ഓട്ടം പോയ കെഎസ്ആർടിസി ബസാണ് പറക്കുതളിക സിനിമയിലേതുപോലെ മരച്ചില്ലകളും മറ്റും ചുറ്റുംവച്ചുകെട്ടി അപകടകരമാംവിധം അലങ്കരിച്ചത്. ദിലീപ് സിനിമയായ പറക്കും തളികയിലെ താമരാക്ഷൻ പിള്ള എന്ന പേരിലുള്ള ബസിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിൻറെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലായിരുന്നു ബസ്.
സിനിമയിലെ ബസിന്റെ പേരായ ‘താമരാക്ഷൻ പിള്ള’ എന്ന പേരും കെഎസ്ആർടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തിൽ പതിപ്പിച്ചിരുന്നു. അർജൻറീനയുടെയും ബ്രസീലിന്റെയും ആരാധകർ കോടികൾ വീശി ആഘോഷ തിമിർപ്പിലായിരുന്നു യാത്ര.സുഹൃത്തിൻറെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതിൽ തൻറെ ശ്രദ്ധക്കുറവുണ്ടായെന്നും ഡ്രൈവർ വിശദീകരിച്ചു. ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലോടെയാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇക്കാര്യത്തിൽ ഡ്രൈവർക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് ജോയിൻറെ ആർ ടി ഒ ഷോയി വർഗീസ് പറഞ്ഞു.