കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ബുർഖ ധരിച്ച ഒരു സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഐസിസ് തീവ്രവാദത്തെ തുടർന്ന് അഫ്ഗാനിസ്ഥാനിൽ ജയിലിൽ കഴിഞ്ഞ ഹിന്ദു സ്ത്രീയാണെന്ന് അവകാശപ്പെട്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്.
‘കേരള സ്റ്റോറി’ എന്ന ഹിന്ദി സിനിമയുടെ ടീസർ രംഗമാണിത്. കേരളത്തിൽ നിന്നും 32,000 സ്ത്രീകളെ മതംമാറ്റി ഐ.എസിൽ എത്തിച്ചു എന്ന് വീഡിയോയിൽ പരാമർശമുണ്ട്. ഇതിനെതിരെ മാധ്യമപ്രവർത്തകനായ ബി.ആർ. അരവിന്ദാക്ഷൻ സെൻസർ ബോർഡിൽ പരാതി നൽകി. സിനിമ നിരോധിക്കണമെന്നും ആവശ്യമുണ്ട്. വ്യാജവിവരങ്ങൾ യാഥാർഥ്യമെന്ന തരത്തിൽ ചിത്രം അവതരിപ്പിക്കുന്നു എന്നാണ് പരാതി.
‘എന്റെ പേര് ശാലിനി ഉണ്ണികൃഷ്ണൻ. മനുഷ്യരാശിയെ സേവിക്കാൻ ഒരു നഴ്സാകാൻ ഞാൻ ആഗ്രഹിച്ചു. ഇന്ന് ഞാൻ ഫാത്തിമ ബാ. അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുന്ന ഐസിസ് ഭീകവാദി. ഞാൻ തനിച്ചല്ല. എന്നെപ്പോലെ 32,000 സ്ത്രീകളെ ഇതിനകം മതപരിവർത്തനം ചെയ്യപ്പെടുകയും, സിറിയയിലെയും യമനിലെയും മരുഭൂമികളിൽ അടക്കം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്., എന്ന് വീഡിയോയിലെ യുവതി പറയുന്നു. #TheKeralaStory എന്ന ഹാഷ്ടാഗോടെ നിരവധി പേരാണ് ഇതേ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. ഈ ക്ലിപ്പ് വരാനിരിക്കുന്ന ഒരു സിനിമയിൽ നിന്നുള്ളതാണെന്നും ട്വിറ്ററിൽ പലരും അവകാശപ്പെട്ടു.
നടി ആദാ ശർമ്മയാണ് വീഡിയോയിലെ സ്ത്രീ. സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ടീസറിൽ നിന്നുള്ള രംഗമാണിത്. കേരളത്തിൽ നിന്നുള്ള സ്ത്രീകൾ ഐസിസിൽ ചേരാൻ തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടു എന്നാണ് ചിത്രം പറയുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.