കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം.ഇതിനിടെ സിപിഎം കൗണ്‍സിലറും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ എസ് സലീമിനെ ബിജെപി കൗൺസിലർമാരും പ്രവർത്തകരും ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു. ഇതിനെ ചോദ്യം ചെയ്ത് സിപിഎം കൗൺസിലർമാരും എത്തിയതോടെ ഇരു വിഭാഗവും തമ്മിൽ സംഘർഷം ആരംഭിക്കുകയായിരുന്നു. വലിയ സംഘർഷമാണ് ഇന്ന് രാവിലെ മുതൽ കോർപ്പറേഷനിൽ നടക്കുന്നത്. അതിനിടെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ അസഭ്യവര്‍ഷവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളിയും കയ്യേറ്റവും നടത്തി. സംഘർഷത്തിനിടെ പൊലീസ് ബലംപ്രയോഗിച്ച് സലിമിന്റെ ഓഫീസിന്റെ പൂട്ട് തുറന്നു. എന്നാൽ ബിജെപി കൗൺസിലർമാർ മുറിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.രാവിലെ നടന്ന പ്രതിഷേധത്തിനിടെ ഗ്രിൽ പൂട്ടിയിട്ടതാണ് ഇത്ര വലിയ സംഘർഷത്തിലേക്ക് എത്തിച്ചത്. ഗ്രിൽ തുറക്കണമെന്ന് ബജെപി കൗൺസിലർമാർ ആവശ്യപ്പെട്ടെങ്കിലും ഇതിന് അധികൃതർ തയ്യാറായില്ല. മേയർ എത്തിയ സമയത്തും ബിജെപി കൗൺസിലർമാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഇവിടേക്കെത്തിയ ക്ഷേമകാര്യ സ്റ്റാംന്റിംഗ് കമ്മിറ്റി ചെയർമാന്റെ മുറി പൂട്ടിയിട്ടത്.