തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് നിർമ്മാണത്തിലെ വീഴ്ചകൾ കണ്ടെത്തി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും സാങ്കേതിക വിദഗ്തരും ചേർന്ന് കേരളത്തിലെ റോഡുകളിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. കേരളത്തിലെ 140 മണ്ഡലങ്ങളിലെ പ്രധാന റോഡുകളിലായിരുന്നു പരിശോധന നടത്തിയത്.ബിസി ആൻഡ് ബിഎം ( ബിറ്റുമിൻ മെക്കാഡം ബിര്‌റുമിൻ കോൺഗ്രീറ്റ്) നിലവാരത്തിൽ നിർമ്മിക്കുന്ന റോഡുകളിൽ സാങ്കേതിക വിദ്യകൾ മുഴുവനും ഉപയോഗിച്ചിട്ടില്ല. മൂന്ന് തരത്തിലുള്ള റോളർ ഉപയോഗിച്ച് വേണം റോഡുകൾ നിർമ്മിക്കാൻ. വർഷങ്ങളായി ഇതൊന്നുമില്ലാതെയാണ് നിർമ്മാണം. അതുകൊണ്ട് തന്നെ നിർമ്മിച്ച ഉടൻ തന്നെ പൊളിയാൻ ഇത് പ്രധാന കാരണമാവുന്നു.
കൃത്യമായ ഗുണനിലവാരം പാലിക്കുന്നില്ലെന്നും ബിഎം ആൻഡ് ബിസി നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങൾ ഉപയോഗിക്കുന്നില്ലെന്നും മന്ത്രി നേരിട്ട് മനസ്സിലാക്കി.ബിഎം ആൻഡ് ബിസി നിർമാണത്തിന് ഒരുകിലോമീറ്ററിന് ഒന്നേകാൽ കോടിരൂപയാണ് ചെലവ് വരുന്നത്. കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന്റെ 15,000 കിലോമീറ്റർ റോഡാണ് ഇത്തരം നിലവാരമുയർത്തുന്നത്.11000 കിലോമീറ്ററോളം പണിപൂർത്തിയായി.ഗുണമേൻമയുടെ കാര്യത്തിൽ ഒരുവിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാങ്കേതികവിദ്യകളും പ്രവൃത്തിയുടെ ഗുണനിലവാരവും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈബ്രേറ്റിങ് റോളർ ഉപയോഗിച്ചാണ് കേരളത്തിൽ ബിഎം ആൻഡ് ബിസി ജോലിചെയ്യുന്നതെന്ന് സംസ്ഥാന ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് ഏകോപന സമിതി സംസ്ഥാന കൺവീനർ വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. സാധാരണയായി മൂന്നെണ്ണവും ഉപയോഗിക്കാച്ചാണ് റോഡു നിർമ്മാണം നടത്താറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.