വിഴിഞ്ഞം പദ്ധതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തിൽ തീരശോഷണം പഠിക്കാൻ സർക്കാർ വിദഗ്ധ സമിതി രൂപീകരിച്ചു. എം ഡി കുടാലെ അധ്യക്ഷനായ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഇതിൽ സമരസമിതി പ്രതിനിധികൾ ഉൾപ്പെട്ടിട്ടില്ല. ഡോ. റിജി ജോൺ, തേജൽ കാണ്ടികാർ, ഡോ. പികെ ചന്ദ്രമോഹൻ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
വിഴിഞ്ഞത്ത് തുറമുഖ നിർമാണം നിർത്തിവച്ച് സമരസമിതി അംഗങ്ങളെ ഉൾപ്പെടുത്തി വിദഗ്ധസംഘം പഠനം നടത്തണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്ക്കാൻ കഴിയില്ലെന്നായിരുന്നു സർക്കാർ നിലപാട്.
തുറമുഖ നിർമ്മാണം നിർത്തിവയ്ക്കുന്നത് ഒഴികെ ലത്തീൻ അതിരൂപതയുടെ ഏതാവശ്യവും പരിഗണിക്കാമെന്നും തീരശോഷണം സംബന്ധിച്ച് വിദഗ്ധ പഠനം സാധ്യമാക്കുമെന്നും നിയമസഭയിലാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞിരുന്നത്. ക്യാമ്പുകളിൽ കഴിയുന്ന കുടുബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാൻ പ്രതിമാസം 5500 രൂപ നൽകും. മണ്ണെണ്ണയിതര ഇന്ധനമുപയോഗിക്കുന്ന യാനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരത്തിൽ രാഷ്ട്രീയ താല്പര്യം കൂടിയുണ്ടെന്ന് വിമർശിച്ചു. കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി തീരുമാനങ്ങളറിയിച്ചിരുന്നത്.