വിരമിക്കുകയാണെന്ന സൂചന നൽകി ലയണൽ മെസി. ഖത്തറിൽ ഈ വർഷം നടക്കുന്നത് തൻ്റെ അവസാന ലോകകപ്പായിരിക്കുമെന്ന് മെസി പറഞ്ഞു. ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി താൻ കാത്തിരിക്കുകയാണെന്നും മെസി ലാറ്റിനമേരിക്കൻ ഒടിടി പ്ലാറ്റ്ഫോമായ സ്റ്റാർ പ്ലസിനു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
“ഇതെൻ്റെ അവസാന ലോകകപ്പാണോ എന്നോ? അതെ, തീർച്ചയായും അതെ. ഞാൻ ലോകകപ്പിലേക്കുള്ള ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ്. ആകാംക്ഷയും പേടിയുമുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്ന പേടിയാണ്. ഇതാണ് അവസാന ലോകകപ്പ്. എങ്ങനെയാണ് കളിക്കാൻ പോകുന്നതെന്ന ചിന്തയാണ്. ലോകകപ്പ് വിജയസാധ്യത ഏറെയുള്ള ടീമാണ് ഞങ്ങൾ എന്നതിനെപ്പറ്റി അറിയില്ല. ഞങ്ങളെക്കാൾ മികച്ച ടീമുകളുണ്ട്. പക്ഷേ, ഞങ്ങളും ഏറെ അകലെയല്ല. എല്ലാ മത്സരങ്ങളും ബുദ്ധിമുട്ടേറിയതായിരിക്കും. വിജയസാധ്യത ഏറെയുള്ള ടീം എല്ലാ കളിയും ജയിക്കണമെന്നില്ല.”- മെസി പറഞ്ഞു.