കൊല്ലം: ഭർതൃവീട്ടിൽ നിന്നും തന്നെയും മകനെയും ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി. കൊല്ലം കൊട്ടിയത്ത് തഴുത്തല സ്വദേശിനിയെയും അഞ്ചുവയസുകാരനായ മകനെയും ഇറക്കിവിട്ട സംഭവത്തിൽ പൊലീസ് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. പുറത്താക്കിയതോടെ വീടിന്റെ സിറ്റൗട്ടിലായിരുന്നു അതുല്യയും കുട്ടിയും രാത്രി കഴിച്ചുകൂട്ടിയത്. ഭർതൃവീട്ടുകാർ തന്റെ സ്വർണം അപഹരിച്ചെന്നും സ്ത്രീധനത്തിന്റെ പേരിൽ തുടരുന്ന പീഡനത്തിന്റെ തുടർച്ചയാണിതെന്നും അതുല്യ പ്രതികരിച്ചു. ഇന്നലെ വൈകിട്ട് സ്‌കൂളിൽ നിന്ന് വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ തയ്യാറായില്ലെന്നും വനിതാ സെല്ലിലും ശിശുക്ഷേമ സമിതിയിലും അറിയിച്ചെങ്കിലും യാതൊരു നീതിയും കിട്ടിയില്ലെന്നും യുവതി ആരോപിച്ചു.
‘രാത്രി 11 വരെ മകനുമൊത്തെ വീടിന്റെ ഗേറ്റിന്റെ മുന്നിലിരുന്നു. അതുകഴിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ മതിൽ വഴി അകത്തുകടന്ന് സിറ്റൗട്ടിൽ ഇരുന്നു. ലൈറ്റിട്ടപ്പോൾ ഭർത്താവിന്റെ അമ്മമെയിൻ സ്വിച്ച് ഓഫ് ചെയ്തു. വിവാഹം കഴിഞ്ഞ് വന്നതുമുതൽ സ്ത്രീധനം കുറഞ്ഞുപോയി, കാർ വേണം എന്നെല്ലാം പറഞ്ഞ് പീഡനമായിരുന്നു. എന്റെ സ്വർണവും പണവും ഉപയോഗിച്ചാണ് വീട് വെച്ചത്. അത് തരാനുള്ള മടിയാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്ന് തോന്നുന്നു’, അതുല്യ പ്രതികരിച്ചു.
അതുല്യയുടെ ഭർതൃമാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളതിനാലാണ് വിഷയത്തിൽ ഇടപെടാതിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതുല്യ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് ഭർതൃമാതാവും പരാതി നൽകിയിരുന്നു. തുടർന്ന് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയുമായിരുന്നു. യുവതിക്ക് മറ്റൊരു വീട് ഉണ്ടെന്ന് ഭർത്തൃ വീട്ടുകാർ പ്രതികരിച്ചു.