വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഇന്നു മുതല്‍ വാഹനപരിശോധന കര്‍ശനമാക്കി.പാലക്കാട് ഉണ്ടായ ദാരുണമായ അപകടത്തിന്റെയും പശ്ചാത്തലത്തിലാണ് ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ വാഹനങ്ങളില്‍ കർശന പരിശോധന നടത്തുകയും പതിനെട്ടോളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും ചെയതത്. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ കണ്ടെത്താനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഹൈക്കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.
കോട്ടയം ചിങ്ങവനത്ത് വിനോദ യാത്രക്കായി എത്തിയ അഞ്ച് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇന്നലെ വിലക്കി. ബസുകളില്‍ എയര്‍ഹോണും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ചിരുന്നു. വേഗപ്പൂട്ടുകള്‍ വിച്ഛേദിച്ച നിലയിലും കണ്ടെത്തിതിനെ തുടര്‍ന്നാണ് വിലക്കിയത്. അതേസമയം വടക്കഞ്ചേരി വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് റിപ്പോര്‍ട്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജോമോന്റെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് നേരത്തെ അറിയിച്ചിരുന്നു. ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കുമെന്നും എസ് ശ്രീജിത്ത് അറിയിച്ചു. ബസില്‍ നിയമം ലംഘിച്ച് പല ഫിറ്റിംഗുകളും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ജോമോനെതിരെ മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അപകടസമയത്ത് ബസ് സഞ്ചരിച്ചത് 97.2 കിലോമീറ്റര്‍ വേഗത്തിലായിരുന്നെന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും.