പൂത്തുലഞ്ഞ കറ്റാർവാഴകൾ, ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിൽ ഭംഗിയുള്ള പൂക്കൾ, അപൂർവമായൊരു പൂക്കാലം സ്വന്തം വീട്ടുമുറ്റത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് കുന്ദമംഗലം മാക്കൂട്ടം പുറായിൽ ‘സരിലയ’ത്തിൽ സി.വി. ഗോപാലകൃഷ്ണനും (ജി.കെ) കുടുംബവും.
കഴിഞ്ഞ പത്ത് വർഷത്തിലധികമായി അദ്ദേഹം കറ്റാർവാഴ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ ഇതാദ്യമായാണ് കറ്റാർവാഴ പൂവിടുന്നത്. ഇദ്ദേഹത്തിൻ്റെ ടെറസിനും വീട്ടുമുറ്റത്തും വർണം പരത്തിക്കൊണ്ട് പൂത്തുനിൽക്കുകയാണ് കറ്റാർവാഴ. അപൂർവമായൊരു കാഴ്ച വീട്ടുമുറ്റത്ത് ഒരുങ്ങിയതിൽ പറഞ്ഞറിയാക്കാനാവാത്ത സന്തോഷത്തിലാണ് സരിലയത്തിലുള്ളവർ.
ഏഴര സെൻ്റ് സ്ഥലത്താണ് സി.വി ഗോപാലകൃഷ്ണനും കുടുംബവും താമസിക്കുന്നത്. വീട് കഴിഞ്ഞാൽ ബാക്കിയുള്ള സ്ഥലവും മട്ടുപ്പാവും കൃഷിക്കായി മാറ്റിവെച്ചു. കറ്റാർവാഴ മാത്രമല്ല
തക്കാളി, വെണ്ട, പയറ്, വഴുതന, ചുരങ്ങ, പച്ചമുളക്, കൂൺ തുടങ്ങി ഒരു വീട്ടിൽ അത്യാവശ്യം വേണ്ടതെല്ലാം ഇവിടെ സുലഭം.അലങ്കാരമൊരുക്കി മുന്തിരിവള്ളിയും ഫാഷൻ ഫ്രൂട്ടും ഈ വീട്ടിലുണ്ട്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് ഗോപാലകൃഷ്ണന്റെ കൃഷി. കൃഷിയിൽ താത്പര്യം ഉണ്ടെങ്കിൽ സ്ഥലപരിമിതി ഒരു പ്രശ്നമേ അല്ലാന്നാണ് ഗോപാലകൃഷ്ണൻ പറയുന്നത്. കൃഷി ചെയ്യാൻ താത്പര്യമുളളവർക്ക് ആവശ്യമായ വസ്തുക്കൾ വീട്ടിൽ എത്തിച്ചുകൊടുക്കാൻ കൃഷി വകുപ്പ് ശ്രമിച്ചാൽ കൂടുതൽ പേർ കാർഷിക രംഗത്ത് സജീവമാകുമെന്നും ഇദ്ദേഹം അഭിപ്രായപെട്ടു.
ജോലി കഴിഞ്ഞ് എത്തിയ ശേഷമാണ് ഗോപാലകൃഷ്ണൻ തന്റെ കൃഷിക്ക് സമയം കണ്ടെത്തുന്നത്. ഒരു യുട്യൂബർ കൂടിയായ ഇദ്ദേഹം ഇതോടൊപ്പം സാമൂഹ്യ പ്രവർത്തനവും നടത്തുന്നു. ഭാര്യ ശ്രീജയും മക്കളും ഇദ്ദേഹത്തിന് പൂർണ സഹായമായി എപ്പോഴും കൂടെയുണ്ട്.
ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിൽ അപൂർവ കാഴ്ചയായി കറ്റാർവാഴപ്പൂക്കൾ

