ന്യൂഡല്‍ഹി: മണിപ്പൂരില്‍ പ്രത്യേക മേല്‍നോട്ട സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മണിപ്പൂരിൽ കലാപം നടക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക മേല്‍നോട്ട സമിതിയെ നിയോഗിചത്. സംസ്ഥാനത്തെ നിയമവാഴ്ചയില്‍ വിശ്വാസം പുന:സ്ഥാപിക്കുകയാണ് സമിതിയുടെ ലക്ഷ്യം. മൂന്ന് വിരമിച്ച ഹൈക്കോടതി വനിതാ ജഡ്ജിമാരാണ് ഈ സമിതിയിലുള്ള അംഗങ്ങള്‍.ജഡ്ജിമാരുടെ ഈ സമിതിക്കാണ് അന്വേഷണ മേല്‍നോട്ട ചുമതല. പുനരധിവാസം, നഷ്ടപരിഹാരം, സഹായം എന്നിവയുടെ മേല്‍നോട്ടവും ജുഡീഷ്യല്‍ സമിതിക്കാണ്.
42 പ്രത്യേക അന്വേഷണ സംഘങ്ങളെയും നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഡിഐജിമാരാണ് അന്വേഷണ സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുക. ഓരോ ആറ് അന്വേഷണ സംഘത്തിനും ഒരു ഡിജിപി എന്ന രീതിക്കാണ് മേല്‍നോട്ട ചുമതല നല്‍കിയിരിക്കുന്നത്.
മണിപ്പൂര്‍ വിഷയത്തിലുള്ള ഒരു കൂട്ടം ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വാദം കേള്‍ക്കുകയാണ്.
മണിപ്പൂര്‍ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് ഡിജിപി രാജീവ് സിംഗ് സുപ്രീം കോടതിയില്‍ ഹാജരായി. പക്വമായ രീതിയിലാണ് സര്‍ക്കാര്‍ കേസ് കൈകാര്യം ചെയ്തതെന്ന് കേസ് പരിഗണിച്ച ഉടന്‍ അറ്റോര്‍ണി ജനറല്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി. നേരത്തെ എഫ്ഐആറിന്റെ പട്ടിക കേന്ദ്രം തരംതിരിച്ച് നല്‍കിയിരുന്നു. സര്‍ക്കാര്‍ പക്വതയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നതെന്നും എജി കോടതിയില്‍ ചൂണ്ടിക്കാണിച്ചു. അക്രമസംഭവങ്ങളുടെ മുന ആര്‍ക്കെങ്കിലും നേരെ തിരിക്കരുതെന്ന് അഭിപ്രായപ്പെട്ട എജി എഫ്ഐആര്‍ വിശകലനം ചെയ്തും കുറ്റകൃത്യത്തിന്റെ സ്വഭാവം വിശകലനം ചെയ്തുമാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയതെന്നും ചൂണ്ടിക്കാണിച്ചു. ബലാത്സംഗ കേസുകള്‍ വനിതാ ഉദ്യോഗസ്ഥരാണ് അന്വേഷിക്കുന്നതെന്നും വ്യക്തമാക്കി.