പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീല്‍.തങ്ങൾ കുടുംബത്തെ വരുത്തിയാലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരം എങ്കിൽ ആ വിചാരം തെറ്റാണെന്നും കെ ടി ജലീൽ.മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനുമായ മുഈന്‍ അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നാണ് കെടി ജലീല്‍ പറഞ്ഞത്.തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്കി.
സൂക്ഷിച്ചുകൈകാര്യം ചെയ്താല്‍ നല്ലതെന്നും കാത്തിരുന്നു കാണാമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
‘സത്യം വിളിച്ച് പറഞ്ഞ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി ലീഗിന്റെ നേതൃ യോഗത്തില്‍ എടുപ്പിക്കാമെന്നാണ് ഭാവമെങ്കില്‍ അതിനദ്ദേഹം വലിയ വില നല്‍കേണ്ടി വരും. അദ്ദേഹം തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പല അംഗങ്ങളോടും ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്ദരേഖകള്‍ അറ്റകൈയ്ക്ക് പുറത്തു വിടേണ്ടി വരും. അത് പുറത്തു വന്നാല്‍ അദ്ദേഹത്തിന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരും,’ കെടി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെയാണ് കെടി ജലീലിന്റെ മുന്നറിയിപ്പ്. മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ലീഗില്‍ നിന്നും ഉയരുന്നുണ്ട്.