സില്‍വര്‍ ലൈനില്‍ കേന്ദ്രാനുമതി തേടി വീണ്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. പദ്ധതിയുടെ ഡിപിആര്‍ സമര്‍പ്പിച്ച് രണ്ട് വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ അനുമതി വേഗത്തിലാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ കത്തിലെ ആവശ്യം. ചീഫ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് ചെയര്‍മാനാണ് കത്തയച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി വി.പി.ജോയി ഇത്തരത്തിലൊരു കത്തയച്ചിരിക്കുന്നത്. സംയുക്ത സര്‍വ്വേ നന്നായി മുന്നേറിയെന്നതടക്കം കാണിച്ചാണ് കേന്ദ്രാനുമതി വേഗത്തിലാക്കാനുള്ള കേരളത്തിന്റെ ശ്രമം.
2020 ജൂണ്‍ 17-നാണ് ഡിപിആര്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചത്. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും പദ്ധതിക്ക് അനുമതിയായിട്ടില്ല. സ്ഥലമെടുപ്പ് നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു, റെയില്‍വേയുമായി ചേര്‍ന്നുള്ള സംയുക്ത ഭൂമി പരിശോധനയ്ക്കുള്ള നടപടികളും ആയി. ഈ സാഹചര്യത്തില്‍ എത്രയും വേഗത്തില്‍ പദ്ധതിക്ക് പൂര്‍ണ്ണ അനുമതി നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ഡിസംബറില്‍ റെയില്‍വേ ബോര്‍ഡുമായി ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചയില്‍, റെയില്‍വേ ഭൂമി സംബന്ധിച്ച സംശയങ്ങളുന്നയിച്ചാണ് കേന്ദ്രം ഡിപിആര്‍ മാറ്റിവച്ചത്. അലൈന്‍മെന്റില്‍ ഉള്‍പ്പെടുന്ന റെയില്‍വേ ഭൂമി സംബന്ധിച്ച കൂടുതല്‍ സാങ്കേതിക രേഖകള്‍ ബോര്‍ഡ് ആവശ്യപ്പെട്ടു. ദക്ഷിണ റെയില്‍വേയുമായി ചേര്‍ന്നു സംയുക്ത സര്‍വേ നടത്താനും നിര്‍ദേശിച്ചിരുന്നു. ഈ സര്‍വേയുടെ ടെന്‍ഡര്‍ നടപടികള്‍ കെറെയില്‍ പൂര്‍ത്തീകരിച്ച സാഹചര്യത്തിലാണ് അനുമതി തേടി വീണ്ടും കേന്ദ്രത്തെ സമീപിച്ചത്.