നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസ് എടുക്കാന്‍ കോടതി അനുമതി നല്‍കി. കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കൈക്കൂലി നല്‍കിയതിന് ഐപിസി 171 ബി വകുപ്പ് പ്രകാരമാണ് കേസ് എടുക്കുക. മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാര്‍ഥി വിവി രമേശന്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ അനുമതി.
മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക നല്‍കിയ കെ സുന്ദരയാണ് തനിക്ക് ബിജെപി നേതാക്കള്‍ കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയത്. സ്ഥാനാര്‍ഥിത്വത്തില്‍നിന്നു പിന്‍മാറാന്‍ ബിജെപി രണ്ടര ലക്ഷം രൂപയും ഫോണും തന്നെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.പതിനഞ്ചു ലക്ഷം രൂപയാണ് താന്‍ ആവശ്യപ്പെട്ടത്, രണ്ടരലക്ഷം രൂപ തന്നു. ഒരു റെഡ്മി ഫോണും നല്‍കിയതായി സുന്ദര പറഞ്ഞു.