നഗരസഭ പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യഭ്യാസ പ്രോത്സാഹന പദ്ധതികളുടെ ഭാഗമായി മലപ്പുറം നഗരസഭ നടപ്പിലാക്കിയ ‘ഫീസ് ഫ്രീ നഗരസഭ’ പദ്ധതിയിലുൾപ്പെട്ട് വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾ എഴുതിയ 211 വിദ്യാർത്ഥികൾക്ക് മികച്ച വിജയം. 112 വിദ്യാർത്ഥികൾക്ക് എൽ.എസ്.എസും, 62 വിദ്യാർത്ഥികൾക്ക് യു.എസ്.എസും, 37 വിദ്യാർത്ഥികൾ എൻ.എം എം.എസ് സ്‌കോളർഷിപ്പിനും ഈ പരിശീലനം വഴി നഗരസഭ പ്രദേശത്ത് അർഹരായി. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കീഴിൽ മുഴുവൻ വിദ്യാർത്ഥികൾക്കും സൗജന്യമായി നഗരസഭ ഫീസ് നൽകി പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. വിവിധ പരീക്ഷകളിൽ വിജയം നേടിയവർക്കുള്ള അനുമോദന പരിപാടി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തും. വിദ്യഭ്യാസ രംഗത്ത് മലപ്പുറം നഗരസഭ നടത്തുന്ന കാഴ്ചപ്പാടോടുകൂടിയ മുന്നേറ്റങ്ങൾ മറ്റ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്നും, പ്രാദേശിക ഭരണകൂടങ്ങൾക്ക് എത്രമാത്രം ക്രിയാത്മകമാകാം എന്നുള്ളതിന്റെ തെളിവാണ് നഗരസഭ സൃഷ്ടിച്ച മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറം നഗരസഭ പ്രദേശത്ത് നിലവിൽ എൽ.എസ്.എസ്,യു.എസ്.എസ്, എൻ.എം.എം എസ്, സി.യു.ഇ.ടി, പി.എസ്.സി പരീക്ഷ പരിശീലനം, സാക്ഷരത, തുല്യത പരീക്ഷ ഫീസ്, പത്താംതരം, പ്ലസ് ടു പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള മുന്നേറ്റം പദ്ധതി തുടങ്ങിയ മുഴുവൻ പദ്ധതികളിലെയും പഠിതാക്കൾക്ക് വേണ്ട ഫീസ് നഗരസഭയാണ് വഹിച്ചുവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാനദണ്ഡത്തിന് പുറത്തുള്ള പദ്ധതി ആയതിനാൽ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി നേടിയെടുത്തതിനു ശേഷമാണ് പദ്ധതി നഗരസഭ നടപ്പിലാക്കി വരുന്നത്. പരിപാടിയിൽ നഗരസഭ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ അബ്ദുൽ ഹക്കീം, മറിയുമ്മ ശരീഫ് കോണോത്തൊടി, സി.പി ആയിഷാബി കൗൺസിലർമാരായ ശിഹാബ് മൊടയങ്ങാടൻ, സി.കെ സഹീർ, സി. സുരേഷ് മാസ്റ്റർ,നാജിയ ശിഹാർ, സുഹൈൽ ഇടവഴിക്കൽ,സജീർ കളപ്പാടൻ പദ്ധതി കോഡിനേറ്റർ എം. ജൗഹർ, പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന റിസോഴ്‌സ് പേഴ്‌സൺ എം.ജിയാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.