കുന്ദമംഗലം താഴെ ബസ് സ്റ്റാന്റിന് സമീപം മാലിന്യം തള്ളലില്‍ പൊറുതി മുട്ടി ജനം. എയുപി സ്‌ക്കൂളിന് മുന്‍ വശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായിരിക്കുന്നത്. കൂടാതെ, സ്‌ക്കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നു. കുന്ദമംഗലത്തെ കടകളിലേ മാലിന്യങ്ങള്‍ കൂടാതെ പുറത്ത് നിന്ന് വരുന്ന ആളുകള്‍ തള്ളുന്ന മാലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഈ പരിസരം. അടുത്തുള്ള കടകള്‍ക്ക് ഇത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ചാക്കുകളിലും പ്ലാസ്റ്റീക് കവറുകളിലുമാണ് മാലിന്യം തള്ളുന്നത്. മാലിന്യങ്ങള്‍ തെരുവ് നായ്ക്കളും പക്ഷികളും വലിച്ചിഴച്ച് കിണറുകളിലും പരിസരങ്ങളിലും കൊണ്ടു വന്നിടുന്നത് പതിവായിട്ടുണ്ട്. ഇത് മൂലം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത വിധം ദുര്‍ഗന്ധവുമാണ്.
നിരവധി തവണ പരാതി പറഞ്ഞിട്ടും സ്ഥലമുടമ മാലിന്യം തള്ളുന്നതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മഴക്കാലമാകുന്നതോടു കൂടി വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായേക്കാം. മാലിന്യം തള്ളുന്നത് എയുപി സ്‌ക്കൂളിനും ഹയര്‍സെക്കന്ററി സ്‌ക്കൂളിനും സമീപവുമായിരിക്കേ വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തില്‍ ആശങ്ക പരക്കുന്നു.