കേരള നിയമസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വിജയം പിണറായി വിജയന്റെ മാത്രം വിജയമാക്കി ചുരുക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്ന് സി.പി.ഐ.എം.പിണറായിയുടെ വ്യക്തി പ്രഭാവമാണ് കേരളത്തിലെ വിജയത്തിന് കാരണമെന്നും പാർട്ടിയിലും സർക്കാരിലും പിണറായി ആധിപത്യം എന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുവെന്നുമാണ് സിപിഎമ്മിന്റെ ദില്ലിയിലെ മുഖപത്രമായ പിപ്പിൾസ് ഡെമോക്രസിയിലെ മുഖപ്രസംഗത്തിലെ കുറ്റുപ്പെടുത്തൽ.കേരളത്തിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ആദ്യമായാണ് സി.പി.ഐ.എമ്മിന്റെ ഒരു പ്രാഥമിക അവലോകനം പുറത്തുവരുന്നത്.
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് ചരിത്രപരമായ വിജയമാണെന്നും കേരളത്തില്‍ കിഫ്ബി അടക്കം നടത്തിയ ഇടപെടലിനെ പ്രശംസിക്കുന്നെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ബി.ജെ.പി യു.ഡി.എഫ് ബന്ധം തെരഞ്ഞെടുപ്പിലുണ്ടായെന്നും പത്ത് സീറ്റിലെങ്കിലും യു.ഡി.എഫ് വിജയിച്ചത് ബി.ജെ.പിയുടെ വോട്ടുകൊണ്ടാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്.
കേരളത്തിലെ വിജയം പരമാധികാരമുള്ള നേതാവിൻറെ വിജയമായി മാറ്റാൻ ശ്രമിക്കുന്നു. കേരളത്തിലെ വിജയം വ്യക്തിപരമായും കൂട്ടായുമുള്ള പരിശ്രമങ്ങളുടെ ഫലമാണ്. പിണറായി വിജയൻ ഭരണത്തിൽ മികച്ച മാതൃക കാട്ടി എന്നതിൽ സംശയമില്ല. പുതിയ മന്ത്രിസഭ കൂട്ടായ പരിശ്രമത്തിൻറെ പാത പിന്തുടരുമെന്നുമാണ് പാർട്ടിയുടെ സന്ദേശം. പിണറായിയുടെ വിജയമാക്കി ഈ വിജയത്തെ ചുരുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് തുടര്‍ന്ന് മുഖപ്രസംഗം പറയുന്നു. പിണറായിയുടെ സര്‍വാധിപത്യമാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും എന്ന് വരുത്തിത്തീര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മുഖപ്രസംഗം പറയുന്നു. ഒരു പരമാധികാര നേതാവ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നു എന്ന് വരുത്താനും മാധ്യമങ്ങള്‍ ശ്രമിക്കുന്നു എന്നാണ് സി.പി.ഐ.എം ആരോപിക്കുന്നത്.

