മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യന്‍ വിപണി. സെന്‍സെക്‌സ് ഒറ്റയടിക്ക് മൂവായിരം പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി ആയിരം പോയിന്റും ഇടിഞ്ഞു. ഇന്ത്യന്‍ വിപണിക്ക് മാത്രമല്ല ഏഷ്യന്‍ വിപണിക്ക് മൊത്തത്തില്‍ വലിയ തിരിച്ചടിയാണ് ട്രംപിന്റെ തീരുവ യുദ്ധത്തിലുണ്ടായിരിക്കുന്നത്. ജപ്പാന്‍, ഹോങ്കോങ് സൂചികകള്‍ ഒന്‍പത് ശതമാനം താഴ്ന്നു. ജാപ്പനീസ് കാര്‍ കമ്പനികളുടെ മൂല്യം കൂപ്പുകുത്തി.
ഇന്ത്യന്‍ വിപണിയിലെന്നല്ല, ഏഷ്യന്‍ വിപിണിയില്‍ തന്നെ ഏറെക്കുറെ എല്ലാ സൂചകങ്ങളും ഇടിവിലാണ്. മുന്‍ നിര കമ്പനികളുടെ ഓഹരി മൂല്യത്തില്‍ 19. 4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായിട്ടുണ്ട്. രൂപയുടെ മൂല്യവും ഇടിഞ്ഞു. 50 പൈസയാണ് ഇന്ന് വിനിമയം തുടങ്ങിയ ശേഷം മാത്രം ഇടിഞ്ഞത്. ഒരു ഡോളറിന് 84 രൂപ 64 പൈസ എന്ന നിരക്കിലാണ് വിനിമയം നടക്കുന്നത്. ട്രംപിന്റെ തീരുവ യുദ്ധത്തിന് പിന്നാലെ ചൈന, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെ ലോകം വ്യാപാര യുദ്ധത്തിലേക്കെന്ന ഭീതിയാണ് വിപണിയില്‍ ദൃശ്യമാകുന്നത്. ഇതാണ് ഓഹരി വിപണികള്‍ കൂപ്പുകുത്താന്‍ കാരണം.