പത്തനംതിട്ട ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രതിയുടെ പാരാക്രമം.അക്രമത്തിൽ ഗ്രേഡ് എസ്‌ഐക്ക് പരിക്കേറ്റു. സ്റ്റേഷനിലെ ഫര്‍ണീച്ചറുകളും സ്‌കാനറും തകര്‍ത്തു. ചിറ്റാര്‍ മണക്കയം സ്വദേശി ഷാജി തോമസാണ് പോലീസ് സ്‌റ്റേഷനില്‍ അതിക്രമം കാട്ടിയത്.
ബുധനാഴ്ച്ച വൈകീട്ട് ആണ് സംഭവങ്ങൾ അരങ്ങേറിയത്. തന്നെ ഏതെങ്കിലും കേസില്‍ പിടിച്ച് അകത്തിടണമെന്ന ആവശ്യവുമായി ഇയാൾ എത്തുകയും ഇയാളെ പൊലീസ് ശാസിച്ച് തിരിച്ചയച്ചു. അതിനിടെ റോഡിലെത്തിയ പ്രതി സ്വകാര്യബസിന് നേരെ കല്ലെറിയുകയിയുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ എത്തിയതോടെ പ്രതി വീണ്ടും പരാക്രമം തുടങ്ങി. സ്വയം മുറിവേല്‍പ്പിക്കാന്‍ ശ്രമിച്ചതോടെ പോലീസുകാര്‍ ഇയാളുടെ കൈകള്‍ ബന്ധിച്ചു. എന്നാല്‍ കസേരകളും ബെഞ്ചും ഇടിച്ചുതകര്‍ത്ത ഇയാള്‍ സ്റ്റേഷനിലുണ്ടായിരുന്ന സ്‌കാനറും എറിഞ്ഞുടച്ചു. സ്റ്റേഷന്‍ കെട്ടിടത്തിന്റെ പലഭാഗങ്ങളില്‍നിന്നായി ടൈല്‍സുകള്‍ ഇളക്കുകയും ചെയ്തു. പിന്നാലെയാണ് ഗ്രേഡ് എസ്.ഐ.യെയും ആക്രമിച്ചത്.സമനില തെറ്റിയ അവസ്ഥയിലായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. സ്റ്റേഷനില്‍ എത്തിയതിന് പിന്നാലെ ഇയാള്‍ തല ഭിത്തിയിലിടിക്കുകയും പരാക്രമം കാണിക്കുകയും ചെയ്തു.
25,000 രൂപയുടെ നഷ്ടം സ്‌റ്റേഷനില്‍ മാത്രം ഉണ്ടായിട്ടുണ്ടെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.

