ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആര്‍ടി ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറി കണ്ടെത്തി. 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും മുറിയില്‍ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഓഫിസില്‍ താന്‍ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്ന് ആശങ്കയുണ്ടെന്നും ഡയറിയില്‍ സിന്ധു കുറിച്ചിട്ടുണ്ട്. ഓഫിസിലെ ഉദ്യോഗസ്ഥരില്‍ നിന്ന് സിന്ധുവിന് മാനസിക പീഡനമുണ്ടായതായും ഡയറിയില്‍ സൂചനയുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി സിന്ധു പരാതി വയനാട് ആർടിഒ മോഹൻദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപാണ് വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടത്.മാനന്തവാടി ഓഫീസില്‍ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമുണ്ടാകണം എന്നാവശ്യപ്പെട്ടാണ് സിന്ധു അടങ്ങുന്ന സംഘം ആര്‍ടിഒയെ കണ്ടത്. ഓഫീസില്‍ ഗ്രൂപ്പിസമുണ്ടെന്ന് ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.
എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നാണ് വയനാട് ആര്‍ടിഒയുടെ വിശദീകരണം. സിന്ധുസഹപ്രവര്‍ത്തകര്‍ക്കെതിരെ പരാതിയൊന്നും നല്‍കിയിട്ടില്ലെന്നായിരുന്നു ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണയും പറഞ്ഞു.മാനന്തവാടി സബ് ആര്‍ടിഒ ഓഫീസ് സീനിയര്‍ ക്ലര്‍ക്കായ സിന്ധുവിനെ ഇന്നലെയാണ് വീട്ടില്‍ തുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സിന്ധുവിന്റെ ആത്മഹത്യയില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.