മഞ്ചേശ്വരത്തെ ഫലസൂചനയിൽ ആശങ്ക പ്രകടിപ്പിച്ച് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. മണ്ഡലത്തിലെ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തിയുണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രൻ ജയിച്ചാൽ ഉത്തരവാദി പിണറായിയാണെന്നും മുല്ലപ്പളളി പറഞ്ഞു.
മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ഥി വി.വി. രമേശന് ആര്‍എസ്എസുമായി അടുത്ത ബന്ധമുള്ളയാളാണ്. സിപിഎം-ബിജെപി പാലമായി പ്രവര്‍ത്തിക്കുന്നയാളാണ് അദ്ദേഹം. മണ്ഡലത്തിലെ സിപിഎം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പിലുടനീളം നിര്‍ജീവമായിരുന്നു. മുറിവേറ്റ നരിയെപ്പോലെയാണ് സാധാരണയായി കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുക. എന്നാല്‍ ഇത്തവണ ഇതൊന്നുമില്ല. ഒരു വഴിപാട് പോലെയാണ് അവരെ തിരഞ്ഞെടുപ്പ് രംഗത്ത് കണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. സാധാരണ കമ്മ്യൂണിസ്റ്റ് പാർട്ടി കാണിക്കുന്ന ആവേശമൊന്നും മഞ്ചേശ്വരത്തെ സി പി എം സ്ഥാനാർത്ഥിക്ക് വേണ്ടി കണ്ടില്ല. മാർക്സിസ്റ്റ് കേന്ദ്രങ്ങളിലെല്ലാം മ്ലാനതയായിരുന്നു. ബി ജെ പിയുമായി നല്ല ബന്ധമുളള ദുർബലനായ സ്ഥാനാർത്ഥിയെയാണ് സി പി എം നിർത്തിയതെന്നും മുല്ലപ്പളളി ചൂണ്ടിക്കാട്ടി.സിപിഎം വോട്ടുകള്‍ ബിജെപിക്ക് അനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്ന് വലിയ സംശയമുണ്ട്. ഇതൊരു കരാറാണ്. ബിജെപി സംസ്ഥാന അധ്യക്ഷനെ നിയമസഭയില്‍ എത്തിച്ചാല്‍ ലാവലിന്‍ കേസും കേന്ദ്ര അന്വേഷണങ്ങളും അവസാനിക്കും. ലാവലിന്‍ കേസില്‍ ബിജെപി ഇടപെട്ടില്ലെങ്കില്‍ കേസ് മുഖ്യമന്ത്രിക്ക് എതിരാകാനുള്ള സാധ്യത ധാരാളമുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. മഞ്ചേശ്വരത്ത് സി പി എം വിജയിക്കുന്ന പ്രശ്നമേയില്ല. നേമത്തെ മത്സരം സി പി എമ്മും കോൺഗ്രസുമായല്ല. ദുർബലനായ സ്ഥാനാർത്ഥിയെയാണ് നേമത്ത് സി പി എം നിർത്തിയത്. സ്ഥാനാർത്ഥി നിർണയ കാര്യത്തിൽ 99 ശതമാനം സംതൃപ്തനാണെന്നും മുല്ലപ്പളളി വ്യക്തമാക്കി.