മനുഷ്യന്റെ ഏറ്റവും വലിയ സ്വത്ത് ആരോഗ്യമാണ്. തിരക്കുപിടിച്ച ഈ ജീവിത ഓട്ടത്തിനിടയില്‍ പലരും മറന്നുപോവുന്ന ഒരു കാര്യമാണ് ആരോഗ്യ സംരക്ഷണം.ഈ ആരോഗ്യദിനത്തില്‍ സ്വന്തം ജീവിതംകൊണ്ട് നമുക്ക് മാതൃകയാവുന്ന ഒട്ടേറെ ആളുകളെ നാം പാഠമാക്കേണ്ടതുണ്ട്.
എണ്‍പത്തിമൂന്നാം വയസ്സിലും ആരോഗ്യത്തോടെ ജോലിചെയ്യുകയും ചുറുചുറുക്കോടെ കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് കുന്ദമംഗലം പന്തീര്‍പ്പാടം മൂലാടമണ്ണില്‍ അഹമ്മദ് കുട്ടി ഹാജി എന്ന കിസാന്‍ അഹമ്മദ്കുട്ടി ഹാജി. ദിനസവും നാലരക്ക് എണീറ്റ പ്രഭാത കര്‍മ്മങ്ങളും പത്രം വായനയുമെല്ലാം കഴിഞ്ഞ ശേഷം ദിവസവും നടക്കുന്ന പതിവുണ്ട്. ചെറുപ്പം മുതലേ തുടങ്ങിയ ശീലമാണിത്. ചെറുപ്പത്തില്‍ ലോറിപ്പണിയും ഡ്രൈവറായും പ്രവര്‍ത്തിച്ചു. പിന്നീട് കിസാന്‍ മോട്ടോഴ്‌സ് എന്ന സ്ഥാപനം ആരംഭിച്ചു. ചെറുപ്പം മുതല്‍ കപ്പയും കഞ്ഞിയും ചക്കയും പോലൂള്ള നാടന്‍ ഭക്ഷണങ്ങള്‍ കഴിച്ചാണ് വളര്‍ന്നത്. ഭക്ഷണശീലം തന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. കാരണം ഉമ്മയായ ഉമ്മേരിഉമ്മ മരണപ്പെടുന്നത് നൂറ്റിപ്പതിമൂന്നാം വയസ്സിലാണ്. ബാപ്പയും വലിയ ആരോഗ്യമുള്ള വ്യക്തിയായിരുന്നു. ബാപ്പയുടെ വയലില്‍ ഉണ്ടാക്കുന്ന നാടന്‍ പച്ചക്കറികള്‍ തന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. ബാപ്പക്ക് സ്വന്തമായി കാളവണ്ടി ഉണ്ടായിരുന്നു. എല്ലാ ഇറച്ചിയും മീനും കൂട്ടുമെങ്കിലും മട്ടനോടാണ് താല്‍പ്പര്യം. കൂടാതെ നെല്ല്കുത്തരിയുടെ ഭക്ഷണങ്ങളും സ്ഥിരമാണ്. ഇപ്പോള്‍ എണ്‍പത്തിമൂന്നാം വയസ്സിലും സ്വന്തം ഫ്‌ളാറ്റിലെ പണം പിരിക്കാനും മറ്റും പോകാറുണ്ട്. ഒപ്പം റിയലെസ്റ്റേറ്റ് ബിസിനസ്സിലും ഈ പ്രായത്തിലും സജീവമാണ്. അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമടക്കം ഏഴ് മക്കളാണ്. 23ാം വാര്‍ഡ് ഗ്രാമപഞ്ചായത്ത് മമ്പര്‍ എം ബാബുമോന്‍ മകനാണ്.

ഹോട്ടലില്‍ ഇന്ന് കിട്ടുന്ന ഫാസ്റ്റ് ഫുഡിലന്നും ഇദ്ദേഹത്തിന് താല്‍പ്പര്യമില്ല.പണ്ട് കാലത്ത് ലോറിയില്‍ പോകുമ്പോഴും ഭക്ഷണ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പല മോഡല്‍ ലോറികളില്‍ ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിച്ചപ്പോഴും ഭക്ഷണം നിയന്ത്രിച്ചു.
ആരോഗ്യകാര്യത്തില്‍ ചെറുപ്പക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്. അനാവശ്യ ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡും ഒഴിവാക്കണം. താന്‍ രാസവളം ചേര്‍ക്കാത്ത ഭക്ഷണം മാത്രമാണ് ഇത്രയും കാലം കഴിച്ചത്. അത് ഇനി സാധ്യമല്ലെങ്കിലും യുവാക്കള്‍ ഇതില്‍ പ്രത്യേകം ശ്രദ്ദിക്കണം എന്നും അദ്ദേഹം പറയുന്നു.

