സൂപ്പർ കപ്പിൽ 2023 സീസണില്‍ കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ്സിയും ഒരു ഗ്രൂപ്പിൽ.കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാവും മത്സരം. പ്ലേ ഓഫില്‍ സുനില്‍ ഛേത്രി നേടിയ വിവാദഗോളിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിക്കുകയായിരുന്നു. ഏപ്രില്‍ മൂന്നിനാണ് സൂപ്പര്‍ കപ്പിന് തുടക്കമാവുക. കോഴിക്കോട്ടും മഞ്ചേരിയിലുമാണ് മത്സരങ്ങള്‍. എ ഗ്രൂപ്പിൽ ബെംഗളൂരു എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ഐ ലീഗ് ജേതാക്കളായ റൗണ്ട് ഗ്ലാസ് പഞ്ചാബ് ടീമുകളാണുള്ളത്. ക്വാളിഫയർ കളിച്ച് ഒരു ടീം കൂടി എ ഗ്രൂപ്പിലെത്തും. ഏപ്രിൽ എട്ടിന് കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.ഐ ലീഗിലെ 10 ടീമുകളും ഐ.എസ് എല്ലിലെ 11 ടീമുകളുമാണ് സൂപ്പര്‍ കപ്പില്‍ പങ്കെടുക്കുന്നത്. ഐ ലീഗിലെ 10 ടീമുകളുടെ നോക്ക് ഔട്ട് മത്സരങ്ങളോടെയാണ് സൂപ്പര്‍ കപ്പിന് കോഴിക്കോട് തുടക്കമാവുക. ഇതില്‍ നിന്ന് ജയിക്കുന്ന അഞ്ചു ടീമുകളെ ഉള്‍പ്പെടുത്തിയാണ് രണ്ടാംഘട്ട മത്സരങ്ങള്‍. സൂപ്പര്‍ കപ്പ് ചാംപ്യന്‍മാരും കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാംപ്യന്‍മാരും ഏറ്റുമുട്ടി ജയിക്കുന്നവരായിരിക്കും അടുത്ത സീസണിലെ എ എഫ് സി കപ്പിന് ഇന്ത്യയില്‍ നിന്ന് യോഗ്യത നേടുക.ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 19 വരെ ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങള്‍ നടക്കും. ഏപ്രില്‍ 21,ഏപ്രില്‍ 22 തീയ്യതികളില്‍ സെമിഫൈനലും ഏപ്രില്‍ 25 ന് ഫൈനലും കളിക്കും.