മധ്യപ്രദേശിലെ രത്‌ലാമിൽ ബിജെപി ഭരിക്കുന്ന നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ബോഡിബിൽഡിംഗ് മത്സരത്തിന്റെ വേദി കോൺഗ്രസ് പ്രവർത്തകർ ഗംഗാ ജലം ഉപയോഗിച്ച് ശുദ്ധീകരിച്ചു.പരിപാടി അവസാനിച്ചതിനു പിന്നാലെ വനിതാ ബോഡി ബിൽഡർമാർ ഹനുമാൻ ചിത്രത്തിനു മുന്നിൽ ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിന്റെ വിഡിയോ പ്രചരിച്ചതോടെയാണ് വിമർശനവുമായി കോൺഗ്രസ് നേതാക്കൾ എത്തിയത്. ബ്രഹ്മചാരിയായ ഹനുമാനെ അപമാനിച്ചെന്ന് മുൻ മേയറും കോൺഗ്രസ് നേതാവുമായ പരാസ് സക്ലേശ ആരോപിച്ചു.13-ാമത് മിസ്റ്റർ ജൂനിയർ ബോഡിബിൽഡിംഗ് മത്സരം മാർച്ച് 4, 5 തീയതികളിലായാണ് നടന്നത്.ബിജെപി മേയർ പ്രഹ്ലാദ് പട്ടേൽ ഉൾപ്പെടെയുള്ളവരാണ് സംഘാടക സമിതി. നിയമസഭാംഗം ചൈതന്യ കശ്യപാണ് രക്ഷാധികാരി. തിങ്കളാഴ്ച, പ്രാദേശിക കോൺഗ്രസ് നേതാക്കൾ വേദിയിൽ ഗംഗാ ജലം തളിക്കുകയും ഹനുമാൻ ചാലിസ പാരായണം ചെയ്യുകയുമായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവരെ ഹനുമാൻ ശിക്ഷിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മായങ്ക് ജാട്ട് പറഞ്ഞു.എന്നാൽ സ്ത്രീകൾ കായികരംഗത്ത് മികവ് പുലർത്തുന്നത് കാണാൻ കോൺഗ്രസിന് താൽപര്യമില്ലെന്ന് ആരോപിച്ച് സംസ്ഥാന ബിജെപി വക്താവ് ഹിതേഷ് ബാജ്‌പേയ് തിരിച്ചടിച്ചു.