മൂന്നാർ: മൂന്നാറിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. പടയപ്പ എന്ന് വിളിപ്പേരുളള ആനയാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. കടലാർ പ്രദേശത്ത് ഇന്നലെ രാത്രി എത്തിയ കൊമ്പൻ പ്രദേശത്തെ റേഷൻകട തകർക്കുകയും ചെയ്തു. അതിനിടെ ചൊക്കനാട് മേഖലയിലും കാട്ടാന ആക്രമണം ഉണ്ടായി. കൂട്ടമായി ഇറങ്ങിയ കാട്ടാനകൾ പ്രദേശത്തെ ക്ഷേത്രത്തിന് കേടുപാടുകൾ വരുത്തി.മൂന്നാറിലെ ജനപ്രിയനായ കൊമ്പനെന്ന് വിളിപ്പേരുള്ള ആനയാണ് പടയപ്പ. പടയപ്പയ്ക്ക് മദപ്പാടുളളതിനാൽ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മദപ്പാടുളള സമയത്ത് സാധാരണയായി പടയപ്പ കാടു കയറുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി മദപ്പാടുളള സമയത്തും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ് പടയപ്പ. ആനയെ പ്രകോപിതനാവാതിരിക്കാൻ നാട്ടുകാരും സഞ്ചാരികളും ജാഗ്രത പുലർത്തണമെന്ന് വനംവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
കാടു കയറാൻ കൂട്ടാക്കാതെ ജനവാസ മേഖലകളിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകൾ ആളുകളുടെ ഉറക്കം കെടുത്തുന്നുണ്ട്. രാത്രിയാവുന്നതോടെ പ്രദേശവാസികൾ ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. വേനൽ കനക്കുന്നതോടെ കാട്ടാന ശല്യം വർധിക്കുമോയെന്ന ആശങ്കയും ആളുകൾ പങ്ക് വയ്ക്കുന്നു.