മൂർഖൻ പാമ്പിന്റെ കടിയേറ്റ് ചികിത്സയിലുള്ള വാവ സുരേഷ് ആശുപത്രി വിട്ടു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ ഇന്ന് 11 .30 ഓടുകൂടിയാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി ജീവനക്കാർക്കും കൂടെ നിന്നവർക്കും അദ്ദേഹം നന്ദി അറിയിച്ചു.മന്ത്രി വി. എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ആശുപത്രി സൂപ്രണ്ട് ഡോ.റ്റി കെ ജയകുമാർ, ഡപ്യൂട്ടി സൂപ്രണ്ട് ഡോ.രതീഷ് കുമാർ, എന്നിവരും
സഹോദരൻ അടക്കമുള്ള കുടുംബാംഗങ്ങളും ആശുപത്രി വിടുമ്പോൾ കൂടെ ഉണ്ടായിരുന്നു.
തന്നെ സഹായിച്ച സർക്കാരിനും, ആശുപത്രി അധികൃതർക്കും, കണ്ണിൽ എണ്ണയൊഴിച്ച് പ്രാർത്ഥനയിൽ മുഴുകിയ ബന്ധുജനങ്ങൾക്കും, കുറിച്ചിയിലെ ജനങ്ങൾക്കും നന്ദി സുരേഷ് പറഞ്ഞു.
ആരോഗ്യം വീണ്ടെടുത്ത ശേഷം ഇനിയും ജനങ്ങളെ പാമ്പിൽ നിന്നും രക്ഷക്കാൻ മുന്നിട്ടിറങ്ങുമെന്ന് സുരേഷ് പറഞ്ഞു.
വാവ സുരേഷിൻ്റെ ആരോഗ്യം പഴയ നിലയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.
വാവ സുരേഷിന്റെ ആരോഗ്യ നില പഴയ നിലയിലേക്ക് തിരിച്ചെത്തിയതായി ഡോക്ടർമാർ അറിയിച്ചു. അണുബാധക്ക് സാധ്യതയുള്ളതിനാൽ വീട്ടിലെത്തിയാലും സൂക്ഷിക്കണമെന്നും സന്ദർശകരെ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പാമ്പു കടിയേറ്റിടത്തെ മുറിവ് ഉണങ്ങിവരുന്നുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയം കുറിച്ചി നീലംപേരൂരിൽ വാവ സുരേഷിന് മൂർഖൻ പാമ്പിന്റെ കടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

