കോഴിക്കോട്; അറുപത്തൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റെ ഭംഗിയും താളവും രാപ്പകലില്ലാതെ ഒപ്പിയെടുക്കാൻ കലോത്സവനഗരിയിൽ ആർജവത്തോടെ പ്രവർത്തിച്ച മാധ്യമപ്പടക്ക് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
റേഡിയോ, പ്രിന്റ്,ടെലിവിഷൻ, ഓൺലൈൻ മാധ്യമങ്ങൾ അടക്കം നിരവധി മധ്യപ്രവർത്തകരാണ് കലോത്സവ വേദികളിലായി മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനും പുതുമ നിറഞ്ഞ സ്റ്റോറുകളും ചിത്രങ്ങളും വീഡിയോകളും പകർത്താൻ കൂട്ടായി പ്രവർത്തിച്ചത്. തികച്ചും മനോഹരമായി വേഗത്തിൽ കലോത്സവ വിരുന്ന് വ്യത്യസ്ത മാധ്യമങ്ങളിലൂടെ ലോകത്തിന്റെ പലഭാഗങ്ങകളിലേക്ക് എത്തിച്ചത് തീർച്ചയായും ഇത്തവണത്തെ കലോത്സവത്തിന്റെ വിജയത്തിന് വലിയ പങ്കു വഹിച്ചിട്ടുണ്ട്.
മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്:
കലോത്സവം കേരളത്തിൻ്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി….
കലോത്സവ നഗരിയിലെ മാധ്യമ പ്രവർത്തനം എടുത്ത് പറയേണ്ട ഒന്നാണ്. കോഴിക്കോട് ജില്ലയിലെ കലോത്സവ വേദികളും കോഴിക്കോട് ഒരുക്കിയ ജനകീയ സൽക്കാരവും ലോകത്തെമ്പാടുമുള്ള മലയാളികളെ അറിയിക്കാൻ മാധ്യമങ്ങൾ നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണ്. രാപ്പകൽ വിശ്രമമില്ലാതെ മത്സര പരിപാടികളും കലോത്സവത്തിലെ രസകരമായ നിമിഷങ്ങളും മാധ്യമപ്രവർത്തകർ ജനങ്ങളിലെത്തിച്ചു. പ്രധാന വേദിയിൽ ഒരുക്കിയ മീഡിയ പവലിയനുകൾ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾക്ക് വേദികളായതും ശ്രദ്ധേയമായിരുന്നു.
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ അതിൻ്റെ പ്രൗഢിയിൽ അവതരിപ്പിച്ച എല്ലാ മാധ്യമ പ്രവർത്തകരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.

