ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി പോലീസ്.സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു.ദോഹയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മലപ്പുറം വണ്ടൂര്‍ സ്വദേശി റഷീദ് (36) ആണ് 1.061 കിലോഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം സഹിതം എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്.1.061 കി.ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ 59 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 02.10 മണിക്ക് ദോഹയില്‍ നിന്നെത്തിയ ഖത്തര്‍ എയര്‍വേസ് വിമാനത്തിലാണ് (QR 0536) ഇയാള്‍ കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്.കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം 03.00 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഷീദിനെ,
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പക്ഷേ ഇയാള്‍ തന്‍െറ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്ന കാര്യം നിഷേധിച്ചുകൊണ്ടിരുന്നു. തുടര്‍ന്ന് ഇയാളുടെ ലഗ്ഗേജ് ബോക്സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. X-ray പരിശോധനയിലാണ് വയറിനകത്ത് 4 കാപ്സ്യൂളുകള്‍ ദൃശ്യമായത്. റഷീദിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും, അതൊടൊപ്പം തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും.
കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് ഈ വര്‍ഷം പിടികൂടുന്ന മൂന്നാമത്തെ കേസാണിത്.
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 59 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി,ഈ വർഷത്തിലെ മൂന്നാമത്ത കേസ്

