കൊച്ചിയിൽ വാഹനമോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ എഎസ്ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ പ്രതി.ക്വട്ടേഷൻ കേസിലെ പ്രതി വിഷ്ണുവാണ് എഎസ്ഐയെ കുത്തിയത്. പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. കാക്കനാട്ടെ ജയിലിൽ വെച്ച്, രണ്ട് കോടി ആവശ്യപ്പെട്ട് ദിലീപിൻ്റെ മാനേജർക്ക് സുനി എഴുതിയ കത്ത് മാനേജർക്ക് നേരിട്ട് നൽകിയത് വിഷ്ണുവാണ്. നടിയെ അക്രമിച്ച കേസിൽ ദിലീപിൻ്റെ പങ്കിനെ പറ്റി വ്യക്തമായ തെളിവ് ലഭിച്ചത് ഈ കത്തിൽ നിന്നാണ്. രണ്ടു ദിവസം മുമ്പാണ് എളമക്കര എഎസ്ഐ പി.എം. ഗിരീഷ് കുമാറിനെ കുത്തി പരിക്കേൽപിച്ചു രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി അറസ്റ്റു രേഖപ്പെടുത്തിയത്
മെട്രോ സ്റ്റേഷന് സമീപത്ത് മോഷ്ടിച്ച ബൈക്ക് തള്ളിക്കൊണ്ടുപോവുകയായിരുന്ന വിഷ്ണുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് എഎസ്ഐ ഗിരീഷ് കുമാറിന് കുത്തേറ്റത്. കൈത്തണ്ടയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എഎസ്ഐ ആശുപത്രി വിട്ടു.

