നവകേരള സദസ്സിലെ പരാതികൾ പരിഹാരമാകാതെ പല വഴിക്ക് പോകുന്നു. വൃക്കരോഗികൾക്ക് സഹായം നൽകാനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ മാറ്റം ആവശ്യപ്പെട്ട്, മുഖ്യമന്ത്രിക്ക് നൽകിയ പരാതി കൈമാറിയത് ആരോഗ്യ വകുപ്പിനാണ്. ആരോഗ്യ വകുപ്പിന് കീഴിലെ ശ്രുതിതരംഗം പദ്ധതിയുമായി ബന്ധപ്പെട്ട പരാതി, പരിഹരിക്കാൻ നൽകിയത് സാമൂഹിക നീതി വകുപ്പിലേക്ക്. അപേക്ഷകൾ ഉദ്ദേശിച്ച ഇടത്ത് എത്താത്തതിൽ പരാതിക്കാർ നിരാശരാണ്.കണ്ണൂരിലെ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്ക് , വൃക്കരോഗികളുടെയും ബന്ധുക്കളുടെയും കൂട്ടായ്മയുടെ ചെയർമാൻ പി പി കൃഷ്ണൻ നൽകിയ പരാതി ഇതാണ്- മാരകരോഗങ്ങൾ പിടിപെട്ടവർക്ക് സഹായം നൽകാനുളള 2022 മെയ് മെയിലെ തദ്ദേശ വകുപ്പിന്റെ ഉത്തരവിൽ തിരുത്ത് വേണം എന്നാണ്. സർക്കാർ ഡോക്ടർമാർ നിർദേശിക്കുന്ന മരുന്ന് മാത്രമേ നൽകൂ എന്നും ഡയാലിസിസിന് ആഴ്ചയിൽ 1000 രൂപയുടെ സഹായം ആശുപത്രി അക്കൗണ്ടിലേ നൽകാവൂ എന്നുമുളള ഭാഗങ്ങൾ മാറ്റണമെന്നാണ് ആവശ്യം. തദ്ദേശ വകുപ്പിൽ പല തവണ കത്ത് നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് സൂചിപ്പിച്ചാണ് പരാതി അവസാനിക്കുന്നത്. കഴിഞ്ഞ ദിവസം അപ്ഡേറ്റ് വന്നു. പരാതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയെന്ന്. ഉത്തരവ് തദ്ദേശ വകുപ്പിന്‍റേത്, പരാതി നൽകിയത് മുഖ്യമന്ത്രിക്ക്. പരിഹാരം കാണാൻ അയച്ചതാകട്ടെ ആരോഗ്യവകുപ്പിന്.ശ്രുതി തരംഗം പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി കണ്ണൂർ ജില്ലാ സാമൂഹിക നീതി ഓഫീസറുടെ പരിഗണനയിലേക്കാണ് വിട്ടത് . ശ്രുതി തരംഗം പദ്ധതി നിലവിൽ സാമൂഹിക നീതി വകുപ്പിന് കീഴിലല്ല. കഴിഞ്ഞ ബജറ്റിൽ ആരോഗ്യ വകുപ്പിലേക്ക് മാറ്റിയതാണ്. അതറിയാതെയാണ് പരിഹരിക്കാൻ പരാതി കൈമാറ്റം. പരാതികൾ കുന്നുകൂടുമ്പോൾ, അത് തരംതിരിക്കുമ്പോൾ പിഴയ്ക്കാം. പക്ഷേ പ്രതീക്ഷയോടെ നൽകുന്ന അപേക്ഷകളാണ്. പല തവണ നടന്നിട്ടും നടപടിയാകാത്ത അതേ ഓഫീസിലേക്ക് അത് വീണ്ടുമയച്ചെന്ന സന്ദേശം കാണുന്നവർ നിരാശയുടെ കൗണ്ടറുകളിലാണ്.